ചെന്നൈ : വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ രംഗത്തെത്തി. 2 വർഷത്തിലധികമായി പരാതിക്കാരിയായ കോൺസ്റ്റബിളുമായി മാഗേഷ് കുമാർ ഐപിഎസിന് ബന്ധമുണ്ടെന്ന് ഭാര്യ അനുരാധ പറഞ്ഞു. പണം നൽകാൻ തയ്യാറാകാത്തതിനാലാണ് പരാതി നൽകിയതെന്നും അനുരാധ ആരോപിച്ചു.
വനിതാ കോൺസ്റ്റബിൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ കഴിഞ്ഞ ദിവമാണ് ചെന്നൈ നോർത്ത് ട്രാഫിക് ജോയിന്‍റ് കമ്മീഷണർ ഡി.മാഗേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്. വനിതാ കോൺസ്റ്റബളിന്‍റെ പരാതിയിൽ വനിതാ ഡിജിപി പ്രാഥമിക പരിശോധന നടത്തുന്നതിനിടെ മറ്റൊരു കോൺസ്റ്റബിളും മാഗേഷിനെതിരെ പരാതി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ ഭർത്താവിനെതിരെ ഡിജിപി തിടുക്കത്തിൽ പക്ഷപാതപരാമായ നടപടി എടുത്തെന്നും തനിക്ക് പറയാനുള്ളത് കേൾക്കേണ്ടിയിരുന്നു എന്നുമാണ് മാഗേഷ് കുമാറിന്‍റെ ഭാര്യ അനുരാധയുടെ നിലപാട്.
മാഗേഷും പരാതിക്കാരിയും തമ്മിൽ 2 വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു. ഈ മാസം ഏഴിന് ഇരുവരും ചെന്നൈയിലെ ഹോട്ടലിൽ ഒരുമിച്ച് നിൽക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ തന്‍റെ കൈവശം ഉണ്ടെന്നും അനുരാധ അവകാശപ്പെട്ടു. പലപ്പോഴായി മാഗേഷിന്‍റെ കൈയിൽ നിന്ന് പണവും സ്വർണവും വനിത കോൺസ്റ്റബിൾ സ്വന്തമാക്കി. ചെങ്കൽപ്പേട്ടിലെ വീട് നിർമ്മാണത്തിനായി 25 ലക്ഷം രൂപ ചോദിച്ചപ്പോൾ നൽകാത്തതിലെ പക കാരണമാണ് ഭർത്താവിനെതിരെ അവർ പരാതി നൽകിയതെന്നും അനുരാധ പറഞ്ഞു. വിവാഹവാർഷിക ദിനത്തിൽ മാഗേഷിനെ സസ്പെൻഡ് ചെയ്ചത് ബോധപൂർവ്വമാണെന്നും അനുരാധ ആരോപിച്ചു. എസ്ഐ ആയിരുന്ന അനുരാധ, മാഗേഷുമായുള്ള വിവാഹത്തിന് പിന്നാലെ സർവ്വീസിൽ നിന്ന് രാജിവച്ചിരുന്നു. നിലവിൽ മെഡിക്കൽ അവധിയിലാണ് മാഗേഷ് കുമാർ.