നാവികസേനയിലെ തട്ടിപ്പില്‍ അഗ്‌നിവീറും സഹോദരനും പിടിയില്‍

നാവികസേനയില്‍ അഗ്‌നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരന്‍ ഉമേഷ് ദുബ്ബുള (25) എന്നിവരാണു തെലങ്കാനയിലെ ആസിഫാബാദ് ജില്ലയില്‍ പിടിയിലായത്.

author-image
Biju
New Update
arrest

മുംബൈ: കൊളാബ നാവിക സേനാ മേഖലയില്‍ വച്ച് ജൂനിയര്‍ നാവികനില്‍നിന്നു തോക്കും 40 തിരകളും തട്ടിയെടുത്ത കേസില്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയ അഗ്‌നിവീറിനെയും സഹോദരനെയും തെലങ്കാനയില്‍നിന്നു മുംബൈ പൊലീസ് പിടികൂടി. നാവികസേനയില്‍ അഗ്‌നിവീറായ രാകേഷ് ദുബ്ബുള (24), സഹോദരന്‍ ഉമേഷ് ദുബ്ബുള (25) എന്നിവരാണു തെലങ്കാനയിലെ ആസിഫാബാദ് ജില്ലയില്‍ പിടിയിലായത്.

പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച രാത്രി സീനിയര്‍ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയ രാകേഷ് ദുബ്ബുള ന്യൂ നേവി നഗറിലെ സേനാ ക്വാര്‍ട്ടേഴ്‌സില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികനില്‍നിന്നു തോക്കും തിരകളും സ്വന്തമാക്കുകയായിരുന്നു.

 ജൂനിയര്‍ നാവികന്റെ ഡ്യൂട്ടി സമയം അവസാനിക്കുന്ന നേരത്ത് എത്തിയ രാകേഷ് താന്‍ സുരക്ഷാ ഡ്യൂട്ടി ഏറ്റെടുക്കുകയാണെന്ന് അറിയിച്ചാണു തോക്ക് വാങ്ങിയത്. കുറച്ചുനേരത്തിനു ശേഷം തോക്കും തിരകളും ബാഗിലാക്കിയ രാകേഷ് സമീപത്തെ മതിലിനടുത്തെത്തി ബാഗ് പുറത്തേക്കെറിഞ്ഞു. നേരത്തേ പറഞ്ഞു വച്ചിരുന്നതനുസരിച്ച് അവിടെ കാത്തുനിന്നിരുന്ന സഹോദരന്‍ ഉമേഷ് അതു കൈവശപ്പെടുത്തി.

തുടര്‍ന്ന് നാവികസേനാ മേഖലയില്‍നിന്നു കടന്നുകളഞ്ഞ ഇരുവരും കുര്‍ള എല്‍ടിടി സ്റ്റേഷനില്‍നിന്നു തെലങ്കാനയിലേക്കു ട്രെയിന്‍ കയറി. രാകേഷ് നേരത്തേ അവധിക്ക് അപേക്ഷിച്ചിരുന്നു. കൂടാതെ, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, തോക്ക് മോഷ്ടിച്ച വ്യക്തിക്ക് രാകേഷുമായി സാമ്യമുള്ളതായും കണ്ടെത്തിയിരുന്നു. ഇരുവരും എന്തിനാണ് ഇത്തരത്തില്‍ തോക്കും തിരകളും മോഷ്ടിച്ചത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും മുംബൈയിലെ ഉന്നത നാവികസേനാ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യും.

12ാം ക്ലാസ് വരെ പഠിച്ചിട്ടുള്ള രാകേഷ് അഗ്‌നിവീറായി പ്രവര്‍ത്തിക്കുന്നതിനാല്‍ കൊളാബയിലെ നാവിക മേഖലയെക്കുറിച്ചു വിശദമായി അറിയാം. പത്താം ക്ലാസ് വിജയിക്കാത്തയാളാണു സഹോദരന്‍ ഉമേഷ്. അതീവ സുരക്ഷാമേഖലയില്‍ നടന്ന സംഭവത്തെക്കുറിച്ച് നാവികസേന ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.