അയല്‍വാസിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്

ഇരുവരും സ്‌കൂട്ടറില്‍ പോകുമ്പോള്‍ റോഡില്‍വെച്ച് അയല്‍വാസിയായ വിപിന്‍, ബന്ധു രവിയും ചേര്‍ന്ന് സൈക്കിള്‍വെച്ച് തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു

author-image
Punnya
New Update
harippad attack

ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈനും നസിയത്തും

ഹരിപ്പാട്: അയല്‍വാസിയുടെയും ബന്ധുവിന്റെയും ആക്രമണത്തില്‍ ഗൃഹനാഥനും ഭാര്യക്കും പരിക്ക്. ചെറുതന ആയാപറമ്പ് പുത്തന്‍പുരയില്‍ മുഹമ്മദ്ഹുസൈന്‍(51), ഭാര്യ നസിയത്ത്(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് നാലേകാലോടെയാണ് സംഭവം. ഇരുവരും സ്‌കൂട്ടറില്‍ പോകുമ്പോള്‍ റോഡില്‍വെച്ച് അയല്‍വാസിയായ വിപിന്‍ ഭവനത്തില്‍ വിപിന്‍ വാസുദേവന്‍ (42) ബന്ധു രവിയും ചേര്‍ന്ന് സൈക്കിള്‍വെച്ച് തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. രവി വര്‍ഗീയ ചുവയോടെ ആക്രോശിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിപിന്‍, ഹുസൈനെ പിടിച്ചുനിര്‍ത്തി തലയില്‍ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നു. നസിയത്തിന്റെ കഴുത്തിനു കുത്തിപ്പിടിച്ച് മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടിയെന്നും വീയപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം അറിഞ്ഞ് ആളുകള്‍ എത്തിയപ്പോഴാണ് അക്രമികള്‍ പിന്തിരിഞ്ഞത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഹുസൈന്റെ തലക്ക് ആറ് തുന്നലുണ്ട്. വര്‍ഷങ്ങളായി ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

Attack couple injury