എയ്ഞ്ചലിന്റെ കൊലപാതകം,
പൊലീസിലറിയിക്കാതെ
സംസ്‌കരിക്കാനുള്ള ശ്രമം പാളി
കലവൂര്‍: മകളുടെ സംസ്‌ക്കാര ശുശ്രൂഷാ ചടങ്ങുകള്‍ വീട്ടില്‍ നടക്കുമ്പോള്‍ ജോസ് മോനും ജെസിയും പോലീസ് കസ്റ്റഡിയിലായിരുന്നു. അവസാനമായി മകളെ കാണാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചില്ല. ചോദ്യംചെയ്യലില്‍ ജെസി ആദ്യം കരഞ്ഞെങ്കിലും പിന്നീട് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല.
പള്ളിയില്‍ പോകാനായി ഉണര്‍ത്താന്‍ ചെന്നപ്പോള്‍ എയ്ഞ്ചല്‍ജാസ്മിന്‍ മരിച്ചുകിടക്കുകയായിരുന്നുവെന്ന് അയല്‍വാസികളോട് പറയണമെന്നു തുടങ്ങുന്ന തിരക്കഥ അലോഷ്യസ് വിചാരിച്ചപോലെതന്നെ ആദ്യഘട്ടം ഭംഗിയായി. വിവരമറിഞ്ഞ് ആളുകള്‍ വന്നപ്പോള്‍ ജോസ്മോനും ജെസിയും വാവിട്ടു കരഞ്ഞു. ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് അവരോടൊക്കെ പറഞ്ഞു. പോലീസിനെ അറിയിക്കാതെയും ആശുപത്രിയില്‍ കൊണ്ടുപോകാതെയും സംസ്‌കാരം നടത്താനുള്ള അലോഷ്യസിന്റെ നീക്കം നടന്നില്ല.
പഞ്ചായത്തംഗം അറിയിച്ചത് അനുസരിച്ച് പോലീസിന്റെ നിര്‍ദേശാനുസരണം ജാസ്മിനെ ആശുപത്രിയില്‍ കൊണ്ടുപോകാനും, എല്ലാവിധ കാര്യങ്ങള്‍ക്കും രാവിലെ മുതല്‍ ജാസ്മിന്റെ അമ്മാവനായ അലോഷ്യസ് കൂടെ ഉണ്ടായിരുന്നു. മൊഴി നല്‍കാന്‍ ആരെങ്കിലും സ്റ്റേഷനിലേക്ക് എത്തണമെന്നുള്ള പോലീസിന്റെ നിര്‍ദേശത്തില്‍ അലോഷ്യസ് ചെന്നു. കൊലപാതക വിവരം പൊലീസിനോട് പറയാതെ രാവിലെ ചെന്നപ്പോള്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നും ഹൃദയസ്തംഭനം ആയിരിക്കാമെന്നും മൊഴി നല്‍കി. വാസ്തവവിരുദ്ധമായ മൊഴികളെല്ലാം അലോഷ്യസിന് വിനയായി. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു, കൊലപാതക വിവരം മറച്ചുവെച്ചു തുടങ്ങിയ കാര്യങ്ങള്‍ വെച്ച് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.