/kalakaumudi/media/media_files/2025/08/03/cher-2025-08-03-15-05-56.jpg)
ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസില്‍ മുഖ്യപ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു. പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ പുരയിടത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഓരോ സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയാണ് പൊലീസ് തിരച്ചില്‍ നടത്തിവരുന്നത്. സ്ഥലത്തെ പുല്ല് നീക്കിയും മണ്ണുമാറ്റിയും തിരച്ചില്‍ തുടരുകയാണ്. സംശയമുള്ള സ്ഥലങ്ങള്‍ കുഴിച്ചും കുളം വറ്റിച്ചും തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതാണെന്ന് അറിയാനായി ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും.
കഴിഞ്ഞദിവസമാണ് സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയില്‍ മരിച്ചത് ജെയ്‌നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിള്‍ ശേഖരിച്ച് തുടര്‍നടപടികളിലേക്കു കടന്നിട്ടുണ്ട്.
എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങള്‍ക്കിടയാക്കിയത്. ജെയ്‌നമ്മയ്ക്ക് അത്തരത്തില്‍ പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയും ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ച് രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കയച്ചു. അടുത്തയാഴ്ചയോടെ ഡിഎന്‍എ ഫലം വരുമ്പോള്‍ ഇതില്‍ സ്ഥിരീകരണമാകും.
ജെയ്‌നമ്മ പള്ളിപ്പുറത്തെ വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നുറപ്പിച്ചാണ് കോട്ടയം ക്രൈംബ്രാഞ്ചിന്റെ നടപടികള്‍. കാണാതായ, 2024 ഡിസംബര്‍ 23-നു തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ശരീരാവശിഷ്ടങ്ങള്‍ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ തന്നെയുണ്ടെന്നുമാണ് കണക്കാക്കുന്നത്.
സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. ജെയ്നമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളടക്കം അപഹരിച്ച് പണയംവെക്കുകയും പിന്നീട് എടുത്ത് വില്‍ക്കുകയുമായിരുന്നു. ഇവ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതി പരസ്പരവിരുദ്ധമായ മൊഴികളിലൂടെ ഉദ്യോഗസ്ഥരെ വട്ടംകറക്കുകയാണെന്നാണു സൂചന. പഠിച്ചുറച്ച മൊഴിയാണ് നല്‍കുന്നതെന്നും പോലീസ് കരുതുന്നു.