/kalakaumudi/media/media_files/2025/03/15/Em3YoMYJLfOOTtyEFLrV.jpg)
അമരാവതി : പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനിലെ തൊഴിലാളിയായ 37 കാരനാണു മക്കളെ വെള്ളത്തില്‍ മുക്കി കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ കുട്ടികളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ''ശക്തമായ മത്സരം നടക്കുന്ന ലോകത്ത് കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ ജീവിതത്തില്‍ കഷ്ടപ്പെടേണ്ടി വരുമെന്ന് അയാള്‍ ഭയപ്പെട്ടു. ആ ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത്'' പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചന്തയില്‍ പോയിരുന്ന കുട്ടികളുടെ മാതാവാണ് തിരിച്ചെത്തിയപ്പോള്‍ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഒളിവില്‍ പോയ പിതാവിനെതിരെ മാതാവ് പൊലീസില്‍ പരാതി നല്‍കി.
ഒരു ദിവസത്തിനുശേഷം, പിതാവിന്റെ മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.