യുഎസില്‍ ഇന്ത്യക്കാരന്റെ കഴുത്തറുത്ത കൊലപാതകി സൈക്കോ കില്ലര്‍

ക്യൂബന്‍ കുടിയേറ്റക്കാരനായ 37 വയസ്സുള്ള യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് മോട്ടലില്‍ താമസിക്കുകയും ജോലി ചെയ്യുകയുമായിരുന്നു. പൊലീസ് പിടികൂടുമ്പോഴും ഇയാളുടെ കൈവശം രക്തം പുരണ്ട വാള്‍ ഉണ്ടായിരുന്നു

author-image
Biju
New Update
dalas

വാഷിങ്ടണ്‍: ടെക്‌സസിലെ ഡാളസില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യ. ചന്ദ്രമൗലി നാഗമല്ലയ്യ (50) എന്നയാളാണ് കൊല്ലപ്പെട്ടത്. നാഗമല്ലയ്യയുടെ ദാരുണമായ മരണത്തില്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനൊപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സസിലെ ജോലിസ്ഥലത്ത് ക്രൂരമായി കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ പൗരന്റെ ദാരുണമായ മരണത്തില്‍ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ സൂക്ഷ്മമായി അന്വേഷണം നടത്തിവരികയാണ്. ഇന്ത്യന്‍ വംശജന്റെ മരണത്തില്‍ ഡളാസ് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ഡാളസിലെ മോട്ടലില്‍ മാനേജറായിരുന്ന ചന്ദ്രമൗലി നാഗമല്ലയ്യയെ യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് എന്നയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മാര്‍ട്ടിനെസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സൈക്കോ കില്ലാറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡാളസിലെ ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലില്‍ വെച്ചായിരുന്നു സംഭവം. ഭാര്യയുടെയും മകന്റെയും മുന്നിലിട്ടാണ് ചന്ദ്രമൗലി കൊല്ലപ്പെട്ടത്. കോബോസ് മാര്‍ട്ടിനെസ് നിലവില്‍ ഡാളസ് കൗണ്ടി ജയിലിലാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി.

നാഗമല്ലയ്യയും മാര്‍ട്ടിനെസും മോട്ടലിലെ ജീവനക്കാരായിരുന്നു. മാര്‍ട്ടിനെസ് നാഗമല്ലയ്യയെ ഒരു വടിവാളുമായി പിന്നാലെ പിന്തുടരുകയും നിരവധി തവണ അടിക്കുകയും തുടര്‍ന്ന് തല വെട്ടിമാറ്റുകയുമായിരുന്നുവെന്ന് ഒരു സാക്ഷിയെ ഉദ്ധരിച്ച് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രാഥമിക അന്വേഷണത്തില്‍ പ്രതി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇരയെ പലതവണ വെട്ടിയതായി പോലീസ് കണ്ടെത്തിയതായി ഡാളസ് പോലീസിന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ചീഫ് ടെറന്‍സ് റോഡ്‌സ് പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാനും ഉത്തരം നല്‍കാനും ഡാളസ് പോലീസ് വിസമ്മതിച്ചു.

ക്യൂബന്‍ കുടിയേറ്റക്കാരനായ 37 വയസ്സുള്ള യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് മോട്ടലില്‍ താമസിക്കുകയും ജോലി ചെയ്യുകയുമായിരുന്നു. പൊലീസ് പിടികൂടുമ്പോഴും ഇയാളുടെ കൈവശം രക്തം പുരണ്ട വാള്‍ ഉണ്ടായിരുന്നു. നാഗമല്ലയ്യയെ കൊലപ്പെടുത്തിയതായി ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഡാളസ് പൊലീസിനോട് പ്രതി സഹകരിച്ചതായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് സ്ഥിരീകരിച്ചു.

ജനുവരി 13 വരെ മാര്‍ട്ടിനെസിനെ ആന്‍സണിലെ ബ്ലൂബോണറ്റ് ഡിറ്റന്‍ഷന്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിച്ചിരുന്നു. ക്യൂബയിലേക്ക് മടക്കി അയക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ വിട്ടയക്കുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.