/kalakaumudi/media/media_files/2025/07/11/capture-2025-07-11-15-52-29.jpg)
പാലക്കാട്: ഒറ്റപ്പാലത്ത് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. ഉച്ചയ്ക്ക് ഒന്നരയോടെ പഴയലക്കിടി പതിനാലാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം നടന്നത്. അങ്കണവാടി ടീച്ചര്‍ കൃഷ്ണകുമാരിയുടെ കഴുത്തിലെ മൂന്നര പവനോളം വരുന്ന സ്വര്‍ണമാല മോഷ്ടിക്കാനായിരുന്നു ശ്രമം. ടീച്ചറുടെ ബഹളം കേട്ട് അയല്‍ക്കാര്‍ വരുന്നതു കണ്ട കളളന്‍ മാല ഉപേക്ഷിച്ച് കടന്നു. കുട്ടിയെ അങ്കണവാടിയില്‍ ചേര്‍ക്കാനെന്ന് പറഞ്ഞാണ് ഇയാളെത്തിയതെന്ന് ടീച്ചര്‍ പറഞ്ഞു.
'ഞാനിവിടെ വാടകയ്ക്ക് താമസിക്കുകയാണ്. എനിക്ക് അങ്കണവാടിയില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. ഭാര്യ ഗര്‍ഭിണിയാണ്. ഇവിടെ ചേര്‍ക്കണമെന്ന് പറഞ്ഞാണ് അയാളെത്തിയത്. സര്‍വേ ബുക്കിലെഴുതട്ടെ, നാളെ വരുമ്പോള്‍ ആധാര്‍ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാന്‍ ബുക്കെടുത്ത് എഴുതാന്‍ നിന്നപ്പോളാണ് അയാള്‍ മുളകുപൊടിയെടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞത്. എന്റെ മാല പൊട്ടിക്കാന്‍ നോക്കി. ഞാന്‍ മാലയുടെ രണ്ട് ഭാഗത്തും പിടിച്ചു. അതുകൊണ്ട് അയാള്‍ക്ക് പൊട്ടിച്ചുകൊണ്ട് ഓടാന്‍ പറ്റിയില്ല. ഞാന്‍ കള്ളനെന്ന് വിളിച്ച് ബഹളം വെച്ചപ്പോള്‍ അയാള്‍ ഓടിരക്ഷപ്പെട്ടു.''
സംഭവത്തില്‍ ടീച്ചറുടെ മൊഴി രേഖപ്പെടുത്തി വിശദമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേ സമയം ഇയാളെ ഇവിടെയെങ്ങും കണ്ടിട്ടില്ലെന്ന് നാട്ടുകാരും ടീച്ചറും പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.