ന്യൂഡല്‍ഹി:ചാരവൃത്തി കേസില്‍ ഒരു ട്രാവല്‍ വ്ളോഗര്‍ അറസ്റ്റിലായി ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു യൂട്യൂബര്‍ അറസ്റ്റില്‍ . അതിര്‍ത്തിക്കപ്പുറത്ത് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ഏജന്‍സികള്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിനിടെ, പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഞ്ചാബില്‍ നിന്ന് മറ്റൊരു യൂട്യൂബര്‍ അറസ്റ്റിലായി.'ജാന്‍മഹല്‍ വീഡിയോ' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിംങിന് പത്ത് ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്. രൂപ്നഗറില്‍ വെച്ചാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.
പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഉദ്യോഗസ്ഥനായ ഷാക്കിറുമായി സിംഗ് ബന്ധപ്പെട്ടിരുന്നുവെന്നും മൂന്ന് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ പക്കല്‍നിന്ന് നിരവധി പാകിസ്ഥാന്‍ നമ്പറുകള്‍ പോലീസ് കണ്ടെത്തി.ഡല്‍ഹിയിലെ പാകിസ്ഥാന്‍ എംബസിയില്‍ നടന്ന പാകിസ്ഥാന്‍ ദേശീയ ദിന പരിപാടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു.