/kalakaumudi/media/media_files/2025/06/26/rape-odisha-cases-2025-06-26-14-54-21.png)
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള താതിസില്‍വായ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക സ്പെഷ്യല്‍ ട്രെയിനില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സ്വദേശിയും പഞ്ചാബിലെ പട്യാലയിലുള്ള 42 മീഡിയം റെജിമെന്റിലെ ഉദ്യോഗസ്ഥനുമായ അജിത് സിംഗിനെയാണ് (40) ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30-ഓടെയാണ് സംഭവം. റാഞ്ചിയിലേക്കുള്ള ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ സൈനികന്‍ നിര്‍ബന്ധപൂര്‍വ്വം സമീപത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന സ്പെഷ്യല്‍ ട്രെയിനിലെ ഒഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ റെയില്‍വേ ജീവനക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ കോച്ചിലേക്ക് അതിക്രമിച്ചു കയറി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് തടയാന്‍ ശ്രമിച്ച പ്രതിക്ക് മല്‍പ്പിടുത്തത്തിനിടയില്‍ പരിക്കേറ്റിട്ടുണ്ട്.
യുവതി പ്രായപൂര്‍ത്തിയായ ആളാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ ജി.ആര്‍.പി റാഞ്ചിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് ക്രമസമാധാന നില ശാന്തമാണെന്നും യുവതിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
