തൃപ്രയാര്‍: കള്ളുഷാപ്പില്‍വെച്ച് മീന്‍ എടുത്തുകഴിച്ചത് തടഞ്ഞതിലുള്ള ദേഷ്യത്താല്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരങ്ങളുള്‍പ്പെടെ മൂന്നുപേരെ വലപ്പാട് പോലീസ് അറസ്റ്റുചെയ്തു.
വലപ്പാട് ബീച്ച് പാണാട്ട് ക്ഷേത്രത്തിനു സമീപം തൃപ്രയാറ്റ് ഷൈലേഷി(34)നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് പൈനൂര്‍ മാളുത്തറ സനത് (22), സഹോദരന്‍ സഞ്ജയ് (25), ചെമ്മാപ്പിള്ളി വടക്കന്‍തുള്ളി ഷാരോണ്‍(സഞ്ജു-40) എന്നിവരാണ് പിടിയിലായത്.
തൃപ്രയാറിലെ കള്ളുഷാപ്പിലാണ് സംഭവം. ഷൈലേഷ് വാങ്ങിയ വറുത്ത മീന്‍ പ്രതികള്‍ എടുത്തത് ഇയാള്‍ തടഞ്ഞിരുന്നു.
ഷൈലേഷ് പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേരും ചേര്‍ന്ന് ഷൈലേഷിനെ ബലമായി ദേശീയപാത ബൈപാസിനടിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികളില്‍ സനത് വലപ്പാട് പോലീസ് രജിസ്റ്റര്‍ചെയ്ത വധശ്രമക്കേസിലും അന്തിക്കാട് പോലീസ് രജിസ്റ്റര്‍ചെയ്ത സ്ത്രീയെ ആക്രമിച്ചുപരിക്കേല്‍പ്പിച്ച് മാനഹാനി വരുത്തിയ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്. വലപ്പാട് പോലീസ് സ്റ്റേഷനില്‍നിന്ന് മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷമാണ് മര്‍ദനമെന്ന് പൊലീസ് പറഞ്ഞു.
വലപ്പാട് എസ്എച്ച്ഒ എം.കെ. രമേഷ്, എഎസ്‌ഐ രാജേഷ്‌കുമാര്‍, സിപിഒമാരായ സുനീഷ്, വിപിന്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.