തിരുവമ്പാടി: മലപ്പുറം വേങ്ങര ചേറൂര്‍ കിളിനക്കോട് പള്ളിക്കല്‍ ബസാറില്‍ താമസിക്കുന്ന തായ്പറമ്പില്‍ മുഹമ്മദലിയാണ് 14-ാം വയസ്സില്‍ താന്‍ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായ കാര്യത്തെക്കുറിച്ച് വേങ്ങര പോലീസിനുമുന്‍പില്‍ ഏറ്റുപറഞ്ഞത്. ഇയാളെ മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്ത് മഞ്ചേരി സബ് ജയിലിലടച്ചിരിക്കുകയാണ്.
1986 ഡിസംബറില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ മലയോര ഹൈവേക്ക് സമീപമുള്ള തോട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആ സംഭവത്തിലാണ് കുറ്റസമ്മതം.
കൂലിപ്പണിക്കാരനാണ് മുഹമ്മദലി. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധംകൊണ്ട് ഉറങ്ങാന്‍പറ്റാത്ത അവസ്ഥയിലായെന്നും മനസ്സ് അത്രമേല്‍ നീറിപ്പുകഞ്ഞതോടെ എല്ലാം ഏറ്റുപറഞ്ഞാല്‍ സമാധാനം കിട്ടുമെന്നു തോന്നിയെന്നും മുഹമ്മദലി പോലീസിനോട് പറഞ്ഞു. കൃത്യം നടന്ന കൂടരഞ്ഞിയിലെ തോടും പോലീസിന് കാണിച്ചുകൊടുത്തു.
കൂടരഞ്ഞി മിഷന്‍ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടില്‍ യുവാവിന്റെ ജഡം കണ്ടെത്തിയെന്നും 20 വയസ്സ് തോന്നിക്കുമെന്നുമാണ് 1986 ഡിസംബര്‍ അഞ്ചിലെ പത്രവാര്‍ത്ത. മരണത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പറമ്പുടമ ദേവസ്യ ഇപ്പോള്‍ അസുഖബാധിതനായി വീട്ടില്‍ കിടപ്പാണ്.
അന്ന് പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്ന സമീപവാസി മലപ്രവനാല്‍ ജോസ് സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെ; ''കൊല്ലപ്പെട്ടത് ആരാണെന്ന് അന്ന് നാട്ടുകാര്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല. തോട്ടില്‍ അജ്ഞാതനായ യുവാവ് മുങ്ങിമരിച്ചുകിടക്കുന്നുവെന്നു കേട്ടാണ് സ്ഥലത്തെത്തിയത്. പോലീസെത്തി മൃതദേഹം കൊണ്ടുപോയതും ഓര്‍ക്കുന്നു''.
അന്നത്തെ തോട് ഇന്ന് കാനയാണ്. മരണത്തില്‍ സംശയമൊന്നും നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ലെന്ന് മൃതദേഹം കണ്ട സമീപവാസിയായ വേലായുധനും പറയുന്നു.
മുഹമ്മദലിയുടെ മാനസാന്തരപ്പെടല്‍ വേങ്ങരയിലാണ് നടന്നതെങ്കിലും വെളിപ്പെടുത്തലോടെ തിരുവമ്പാടി പൊലീസിന്റെ തലവേദന തുടങ്ങി.
116/86 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഫയല്‍ പുറത്തെടുത്ത പോലീസിന് മരിച്ചതാരെന്ന് ഇനി കണ്ടെത്തണം.
കൂടരഞ്ഞി വാതല്ലൂര്‍ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ തോട്ടിലേക്കു വീഴ്ത്തി എന്നാണ് മുഹമ്മദലിയുടെ മൊഴി. മുഖം കഴുകുമ്പോള്‍ പിന്നില്‍നിന്ന് തള്ളിയിട്ട് ചവിട്ടിത്താഴ്ത്തി സ്ഥലംവിടുകയായിരുന്നുവെന്നും മുഹമ്മദലി മൊഴിനല്‍കിയിട്ടുണ്ട്. രണ്ടുദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി യുവാവ് മരിച്ച കാര്യം അറിയുന്നത്.
അപസ്മാരമുണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമായേക്കാമെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. ശ്വാസകോശത്തില്‍ ചെളിയും വെള്ളവും കയറിയതാണ് മരണകാരണമെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടും വന്നു. ഇതോടെ പൊലീസ് അപ്രകാരം കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയിരുന്നില്ല. അജ്ഞാതമൃതദേഹമായി സംസ്‌കരിച്ച് നടപടികള്‍ അവസാനിപ്പിച്ചു.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയെന്നും പാലക്കാട്ടുകാരനെന്നുമൊക്കെ ആളുകള്‍ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിലെ പോസ്റ്റ്‌മോര്‍ട്ടം രേഖകള്‍, കോടതി രേഖകള്‍ തുടങ്ങിയവ പരിശോധിക്കുന്ന തിരക്കിലാണ് തിരുവമ്പാടി പൊലീസ്. അന്നത്തെ പത്രവാര്‍ത്തകള്‍ ശേഖരിച്ചും ആര്‍ഡിഒ ഓഫീസിലെ പഴയ ഫയലുകള്‍ പരിശോധിച്ചും മരിച്ചത് ആരായിരിക്കുമെന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് തിരുവമ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു.