നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ എട്ടുപേരെ വിവാഹംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍. ഒമ്പതാമത്തെ വിവാഹത്തിനായി തയ്യാറെടുക്കവെയാണ് യുവതിയെ പൊലീസ് അറസ്റ്റുചെയ്തത്. സമീറ ഫാത്തിമ എന്ന യുവതിയാണ് അറസ്റ്റിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് സമീറയുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഇതിനായി യുവതിക്കൊപ്പം ഒരു പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇവരാണ് യുവതിക്കുവേണ്ടി ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ഇത്തരത്തില്‍ വിവാഹങ്ങള്‍ ചെയ്ത് ആളുകളെ പറ്റിച്ചുവരികയാണ് എന്ന് പൊലീസ് പറയുന്നു.
മുസ്ലിം വിഭാഗത്തില്‍പെട്ട വിവാഹിതരും സമ്പന്നരുമായ വ്യക്തികളെയാണ് സമീറയും സംഘവും തട്ടിപ്പിനിരയാക്കിയിരുന്നത്. ഒരു ഭര്‍ത്താവില്‍നിന്ന് ഏകദേശം 50 ലക്ഷം രൂപയും, മറ്റൊരു ഭര്‍ത്താവില്‍നിന്ന് 15 ലക്ഷം രൂപയും തട്ടിയെടുത്തതായി പറയപ്പെടുന്നു. സമീറ വിദ്യാസമ്പന്നയാണെന്നും ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു എന്നും പൊലീസ് പറയുന്നു.
മാട്രിമോണിയല്‍ സൈറ്റിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് സമീറ ആളുകളെ വലയിലാക്കിയിരുന്നത്. ജീവിതത്തിലെ ദുഃഖ കഥകളും മറ്റും പങ്കുവെച്ചാണ് മിക്കവരെയും വിവാഹത്തിലേക്ക് എത്തിച്ചിരുന്നത്. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണെന്നും ജീവിക്കാന്‍ നിവര്‍ത്തിയില്ലെന്നും സഹായിക്കണമെന്നും കാണിച്ചാണ് ഇവര്‍ വിവാഹാലോചനയുമായി എത്തിയിരുന്നവരെ വീഴ്ത്തിയിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാഗ്പുരിലെ ഒരു കടയില്‍നിന്നും സമീറ അറസ്റ്റിലായത്. പുതിയ ഒരു വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അപ്പോള്‍ ഇവര്‍.