കോണ്‍ഗ്രസ് എംപി ആര്‍. സുധയുടെ മാല മോഷ്ടിച്ച പ്രതിയെ പിടികൂടി

വിദേശ എംബസികളും വിഐപി വസതികളും ഉള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിത മേഖലയില്‍നിന്നും ഒരാള്‍, ഒരു എംപിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിനുനേരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

author-image
Jayakrishnan R
New Update
SUDHA RAMAKRISHNAN



ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയില്‍ ലോക്സഭാംഗം സുധാ രാമകൃഷ്ണന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ഇയാളുടെ പക്കല്‍നിന്നും തൊണ്ടിമുതല്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സുധ താമസിക്കുന്ന തമിഴ്നാട് ഭവന് സമീപമാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

വിദേശ എംബസികളും വിഐപി വസതികളും ഉള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിത മേഖലയില്‍നിന്നും ഒരാള്‍, ഒരു എംപിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത് പൊലീസിനുനേരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് രണ്ടാംദിവസം പ്രതിയെ ഡല്‍ഹി പൊലീസ് പിടികൂടിയിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ്  പുറത്തുവിട്ടിട്ടില്ല.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത് എന്നാണ് വിവരം. ദൃശ്യങ്ങളില്‍ ഒരു നീല സ്‌കൂട്ടര്‍ കണ്ടിരുന്നതായും ഇതേ വാഹനം ഒരു മണിക്കൂറോളം ചാണക്യപുരിക്ക് സമീപമുള്ള മോത്തിബാഗ് എന്ന സ്ഥലത്ത് കറങ്ങിയിരുന്നതായും പൊലീസിനു  വിവരം ലഭിച്ചിരുന്നു. മോഷണത്തിന് ശേഷവും സ്‌കൂട്ടര്‍ മോത്തിബാഗിലേക്കാണ് പോയത്.

ഈ വഴിയുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത് എന്നാണ് വിവരം. എന്നാല്‍ എവിടെനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നോ, പ്രതി ഈ സ്ഥലത്തുതന്നെ ഉള്ള ആളാണെന്നോ ഒന്നുമുള്ള വിവരങ്ങള്‍ ലഭ്യമല്ല. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ആര്‍. സുധ.

Crime Theft