ഹൈവേ പൊലീസ്  ഉദ്യോഗസ്ഥനെ ആക്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ ഊരിയെടുത്ത വാഹനത്തിന്റെ താക്കോല്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടും താക്കോല്‍ കൊടുക്കാതെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്.

author-image
Jayakrishnan R
New Update
revanth-babu



 

പാലിയേക്കര: ടോള്‍പ്ലാസയ്ക്കു സമീപം ഹൈവേ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. വരന്തരപ്പിള്ളി സ്വദേശി കരിയാട്ടുപറമ്പില്‍ രേവന്ത് ബാബു(28)വിനെയാണ് പുതുക്കാട് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12-നാണ് സംഭവം. 

ടോള്‍പ്ലാസയില്‍ എത്തിയ രേവന്ത്  ടോള്‍ബൂത്ത് വഴി വാഹനങ്ങള്‍ കടത്തിവിടുകയും സമീപത്തുനിര്‍ത്തിയിട്ട വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ ഹൈവേ പൊലീസ് രേവന്ത്‌നെ തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണു എന്ന പൊലീസ്  ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസുകാരന്റെ നെറ്റിയില്‍ പരിക്കേറ്റു.

ഇയാള്‍ ഊരിയെടുത്ത വാഹനത്തിന്റെ താക്കോല്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടും താക്കോല്‍ കൊടുക്കാതെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്നും പരാതിയുണ്ട്. പുതുക്കാട് എസ്‌ഐ വൈഷ്ണവ്, എഎസ്‌ഐ ജിജോ, ഹൈവേ പൊലീസ്  എസ്‌ഐ ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായ രേവന്ത്  ബാബു ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴും അക്രമാസക്തനായി.

ജനശ്രദ്ധയാകര്‍ഷിക്കാന്‍ പൊതുപ്രശ്‌നങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നതും ഇയാളുടെ സ്ഥിരം പരിപാടിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Crime