/kalakaumudi/media/media_files/2024/12/30/lQscKkrczuLFWHl1OOP3.jpg)
കുട്ടനാട്: എസി റോഡില്‍ ആറുകിലോ കഞ്ചാവുമായി ബൈക്കില്‍ വന്ന രണ്ടുപേര്‍ പിടിയില്‍. പുളിങ്കുന്ന് കായല്‍പുറം വയലാറ്റ് വീട്ടില്‍ റിനോജ് തോമസ് (40), കിഴക്കേത്തറയില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ഫ്രാന്‍സിസ് (36) എന്നിവരെയാണ് രാമങ്കരി പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കിടങ്ങറ പാലത്തിനു സമീപത്തുനിന്നാണ് രണ്ടുപേരും പിടിയിലായത്.
തെലങ്കാനയിലെ ഗ്രാമത്തില്‍നിന്ന് 1,500 കിലോമീറ്റര്‍ ബൈക്കോടിച്ചാണ് റിനോജ് തോമസ് എത്തിയത്. നാട്ടിലെത്തിയശേഷം പിന്നീട്, സുഹൃത്തായ മാര്‍ട്ടിനെ വിളിച്ചുവരുത്തി. ഇരുവരുംകൂടി കിടങ്ങറ പാലത്തിനു സമീപമെത്തിയപ്പോള്‍ ബൈക്ക് നിന്നുപോയി. ഈ സമയം എസ്‌ഐ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. പൊലീസിനെക്കണ്ട് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ പ്രതികള്‍ വെപ്രാളപ്പെട്ടപ്പോള്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവു കണ്ടെത്തിയത്.
പ്രതികള്‍ മുന്‍പും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് രാമങ്കരി ഇന്‍സ്‌പെക്ടര്‍ വി. ജയകുമാര്‍ പറഞ്ഞു. ഇരുവര്‍ക്കുമെതിരേ മുന്‍പ് പലതവണ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
കാറിലും ട്രെയിനിലും വന്നാല്‍ പരിശോധനയില്‍ കുടുങ്ങിയേക്കാമെന്നതിനാലാണ് റിനോജ് ബൈക്ക് തിരഞ്ഞെടുത്തത്. വിനോദസഞ്ചാരി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തിയതിനാല്‍ വഴിയില്‍ കാര്യമായ പരിശോധനകള്‍ ഉണ്ടായില്ല.
തെലങ്കാനയില്‍ നഴ്‌സായി ജോലിചെയ്യുകയാണിയാള്‍. തെലങ്കാന രജിസ്‌ട്രേഷനുള്ളതാണ് ബൈക്ക്. ഇത് ആരുടെ പേരിലുള്ളതാണെന്ന് അന്വേഷിച്ചുവരുന്നു.