ആശാ ബെന്നിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് വരാപ്പുഴ കസ്റ്റഡിമരണക്കേസിലെയും പ്രതി

വട്ടിപ്പലിശയ്ക്ക് ഇവരില്‍ നിന്നെടുത്ത പണം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അതിനിടെ, ആശ ബെന്നിയുടെ മരണം അന്വേഷിക്കാന്‍ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

author-image
Biju
New Update
VARA

കൊച്ചി: വരാപ്പുഴ കോട്ടുവള്ളിയില്‍ വീട്ടമ്മയായ ആശ ബെന്നിയുടെ മരണത്തില്‍ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിരിക്കുകയാണ് പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. അന്ന് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലാവുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത പൊലീസുകാരനായിരുന്നു അന്നത്തെ പറവൂര്‍ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ് കുമാര്‍.

വട്ടിപ്പലിശയ്ക്ക് ഇവരില്‍ നിന്നെടുത്ത പണം തിരിച്ചടച്ചിട്ടും നിരന്തരം ഭീഷണിപ്പെടുത്തി എന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അതിനിടെ, ആശ ബെന്നിയുടെ മരണം അന്വേഷിക്കാന്‍ മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2018 ഏപില്‍ ഒന്‍പതിനായിരുന്നു വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്തിനെ ഒരു വീടാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അന്നത്തെ റൂറല്‍ എസ്പി രൂപീകരിച്ച 'റൂറല്‍ ടൈഗര്‍ ഫോഴ്‌സ്' എന്ന സ്‌ക്വാഡ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു കേസ്. 

അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില മോശമായതോടെ, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ തിരക്കിയപ്പോഴാണ് അന്നത്തെ സിഐയുടെ ഡ്രൈവറായ പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപയാണ് പ്രദീപ് ചോദിച്ചത്. എന്നാല്‍ 15,000 രൂപ നല്‍കിയെന്നാണ് ശ്രീജിത്തിന്റെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി.

ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതോടെ അഭിഭാഷകര്‍ വഴി പ്രദീപ് ബന്ധുക്കള്‍ക്ക് പണം തിരിച്ചു നല്‍കി. സംഭവം പുറത്തു വരികയും അന്വേഷണത്തിനൊടുവില്‍ പ്രദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആശ ആത്മഹത്യ ചെയ്ത സംഭവത്തിലും പൊലീസില്‍ നിന്നു പ്രദീപിനെ സഹായിക്കുന്ന നിലപാടാണ് ഉണ്ടായത് എന്ന് ബന്ധുക്കള്‍ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയ ശേഷവും പ്രദീപും ഭാര്യയും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആശയുടെ ഭര്‍ത്താവ് ബെന്നി പറയുന്നത്. 

നേരത്തേ നല്‍കിയ പരാതിയില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ബന്ധുവായ അനീഷ് പറയുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി എസ്പി ഓഫിസില്‍ ഇരുകൂട്ടരേയും വിളിച്ചു വരുത്തിയപ്പോഴും പ്രദീപ് ഭീഷണിപ്പെടുത്തിയെന്ന് ആശ ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.

ആശയുടെ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പ്രദീപിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ അന്വേഷണ സംഘത്തില്‍ വരാപ്പുഴ, പറവൂര്‍, മുനമ്പം എസ്എച്ച്ഒമാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.