/kalakaumudi/media/media_files/2025/10/10/pta-2025-10-10-15-43-23.jpg)
കീഴ്വായ്പൂര്: പത്തനംതിട്ടയില്‍ ആശപ്രവര്‍ത്തകയുടെ സ്വര്‍ണ്ണം ഊരിവാങ്ങി വീടിന് തീവെച്ച സംഭവത്തില്‍ പൊള്ളലേറ്റ ലതയുടെ വീടിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരെ കേസ്.
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെട്ടിയിട്ട് സ്വര്‍ണം കവരുകയും വീടിന് തീവെക്കുകയും ചെയ്തുവെന്നാണ് കേസ്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യയയാണ് പ്രതി സുമയ്യ. കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുമയ്യ തന്നെ സമീപിക്കുകയും ആഭരണങ്ങള്‍ ഊരിവാങ്ങുകയും ചെയ്തു. പിന്നീട് ബലം പ്രയോഗിച്ച് കെട്ടിയ ശേഷം വീടിന് തീവെക്കുകയുമായിരുന്നുവെന്നാണ് ലതയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല, കൈയില്‍ കിടന്ന ഓരോ പവന്‍ വരുന്ന മൂന്ന് വളകള്‍, വിരലിലെ ആറ് ഗ്രാം തൂക്കമുള്ള മോതിരം എന്നിവ നഷ്ടപ്പെട്ടുവെന്നാണ് ലത പറയുന്നത്.
മല്ലപ്പള്ളി പഞ്ചായത്ത് 11-ാം വാര്‍ഡിലെ ആശപ്രവര്‍ത്തക കീഴ്വായ്പൂര്‍ പൊലീസ് സ്റ്റേഷനുസമീപം പുളിമല വീട്ടില്‍ ലതാകുമാരിക്കാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.വസ്ത്രങ്ങള്‍ പൂര്‍ണമായി കത്തിയനിലയില്‍ അടുത്തുള്ള ബന്ധുവീട്ടിലെത്തിയ ലതയെ ഓട്ടോറിക്ഷയിലാണ് മല്ലപ്പള്ളി സ്വകാര്യ ആശുപത്രില്‍ എത്തിച്ചത്. പ്രഥമശുശ്രൂഷയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.സംഭവ സമയം ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല.
കീഴ്വായ്പൂര് എസ്ഐ രാജേഷ് മല്ലപ്പള്ളി ആശുപത്രിയിലെത്തി മൊഴിയെടുത്തു. പഞ്ചായത്ത് അംഗം രോഹിണി ജോസും ഉണ്ടായിരുന്നു. തിരുവല്ലയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്. സംഭവത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
