ഗുവാഹത്തി : അസമിലെ ധിങ്ങില്‍ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നു പ്രതികളില്‍ ഒരാള്‍ ശനിയാഴ്ച പുലര്‍ച്ചെ കുളത്തില്‍ ചാടി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുല്‍ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ കുളത്തില്‍ ചാടി മരിച്ചത്. കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപകമാകുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിയുടെ മരണം.
ശനിയാഴ്ച പുലര്‍ച്ചെ 3.30ന് കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതി തഫാസുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്കു ചാടിയത്. പൊലീസ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ടു മണിക്കൂറിനു ശേഷം പ്രതിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് അസമിലെ നാഗോണ്‍ ജില്ലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി രാത്രി 8 മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം.