അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ ജാമ്യം റദ്ദാക്കി, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

author-image
Biju
New Update
atnhy

കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പിന്നാലെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി. സതീഷിനെ ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈല്‍ഫോണ്‍ അടക്കം പരിശോധിക്കും. ചോദ്യം ചെയ്യലിനു ശേഷം സതീഷിനെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്. 

അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ കൊലക്കുറ്റമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെയാണ് സതീഷ് ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്. 

മരണത്തിനു പിന്നാലെ ഭര്‍ത്താവ് സതീഷിന് എതിരെ പരാതിയുമായി അതുല്യയുടെ കുടുംബമാണ് രംഗത്തെത്തിയത്. സതീഷിന്റെ ക്രൂര പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് അതുല്യയുടെ വീട്ടുകാര്‍ പറയുന്നത്. മരിക്കുന്നതിനു മുന്‍പ് അതുല്യ കുടുംബത്തിനു പീഡനത്തിന്റെ തെളിവായി ചിത്രങ്ങളും വിഡിയോകളും അയച്ചു നല്‍കിയിരുന്നു. 

കൊടുംക്രൂരതയാണ് സതീഷ്, അതുല്യക്ക് നേരെ നടത്തുന്നതെന്ന് വിഡിയോ ദൃശ്യങ്ങളിലും വ്യക്തമാണ്. ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. 10 വയസ്സായ മകള്‍ അതുല്യയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം നാട്ടിലാണ് താമസിച്ചിരുന്നത്.