/kalakaumudi/media/media_files/2025/01/22/jZ4em6IofkmCZ9aRTBHm.jpg)
knife attack
മഞ്ഞുമ്മല്‍ (കൊച്ചി): യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഇന്ദു കൃഷ്ണയ്ക്ക് (35) നേരേയായിരുന്നു ബാങ്കിലെ മുന്‍ അപ്രൈസര്‍ സെന്തില്‍കുമാറി (44) ന്റെ അക്രമം. ഇറച്ചിവെട്ടുന്ന കത്തികൊണ്ടുള്ള വെട്ടേറ്റ് ഇന്ദുവിന്റെ വലത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു. കവിളിലും പുറത്തും മുറിവെറ്റ ഇന്ദു ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച കൊടുങ്ങല്ലൂര്‍ പത്താഴശ്ശേരി ടി.കെ.എസ്. പുരം സ്വദേശിയായ സെന്തില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാങ്കിലെ അപ്രൈസറായിരുന്ന സെന്തില്‍കുമാറിനെ അടുത്തയിടെ പിരിച്ചുവിട്ടിരുന്നു. ജോലി പോകാന്‍ കാരണക്കാരി ഇന്ദുവാണെന്നു പറഞ്ഞായിരുന്നു ആക്രമണം.
വ്യാഴാഴ്ച രാത്രി ഏഴോടെ ബൈക്കിലെത്തിയ സെന്തില്‍ ബാങ്കിനകത്ത് പ്രവേശിച്ച് ജോലി ചെയ്യുകയായിരുന്ന ഇന്ദുവിനെ വെട്ടുകയായിരുന്നു. ബാങ്കിലെ മറ്റു ജീവനക്കാര്‍ ഓടിക്കൂടി സെന്തില്‍ കുമാറിനെ പിടിച്ചുമാറ്റി, വെട്ടുകത്തിയും പിടിച്ചെടുത്തു.തുടര്‍ന്ന് ജീവനക്കാര്‍ തന്നെയാണ് ഓട്ടോറിക്ഷ വിളിച്ച് ഇന്ദുവിനെ തൊട്ടടുത്തുള്ള മഞ്ഞുമ്മലിലെ ആശുപത്രിയില്‍ എത്തിച്ചത്.
ഈ സമയം സെന്തില്‍കുമാര്‍ ബാങ്കില്‍നിന്നു കിട്ടിയ മറ്റൊരു ചെറുകത്തിയുമായി ശൗചാലയത്തില്‍ കയറി വാതിലടച്ചശേഷം നെഞ്ചത്ത് കുത്തിയും കൈകളില്‍ വെട്ടിയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഇയാള്‍ മയങ്ങിവീണു. പോലീസാണ് പുറത്തെടുത്ത് ഓട്ടോറിക്ഷയില്‍ മഞ്ഞുമ്മല്‍ ആശുപത്രിയില്‍ എത്തിച്ചത്.