കരോള്‍ സംഘത്തിനുനേരെ ആക്രമണം; നാല് യുവാക്കള്‍ അറസ്റ്റില്‍

കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയണ്‍ വില്ല വീട്ടില്‍ എം.എസ്. മിഥിനും സംഘത്തിനുമാണ് മര്‍ദനമേറ്റത്

author-image
Punnya
New Update
CAROL

ഷെറിന്‍, ബിബിന്‍, അനന്തു, അജിന്‍

കോഴഞ്ചേരി: ക്രിസ്മസ് തലേന്നു രാത്രി കുമ്പനാട്ട് സ്ത്രീകളടക്കമുള്ള കരോള്‍ സംഘത്തിനുനേരെ മദ്യപസംഘത്തിന്റെ ആക്രമണം. ചൊവ്വാഴ്ച രാത്രി 12.30ന് കുമ്പനാട്-ആറാട്ടുപുഴ റോഡിലുള്ള എക്സോഡസ് റിവൈവല്‍ ചര്‍ച്ചിലെ അംഗങ്ങളെയാണ് ആക്രമിച്ചത്. കോയിപ്രം നെല്ലിക്കാല കരിയില മുക്ക് സയണ്‍ വില്ല വീട്ടില്‍ എം.എസ്. മിഥിനും സംഘത്തിനുമാണ് മര്‍ദനമേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുറ്റിപ്പാറയില്‍ ഷെറിന്‍ (28), പുറമറ്റം മുണ്ടമല മീന്‍ചിറപ്പാട്ട് വീട്ടില്‍ ബിബിന്‍ (30), കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയില്‍ കുറ്റിയില്‍ അനന്തു (25), കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി ചിറയില്‍ കുറ്റിയില്‍ അജിന്‍ (20) എന്നിവരാണ് പിടിയിലായത്. എക്സോഡസ് ചര്‍ച്ചിലെ പാസ്റ്ററായ റോണി കൊച്ചുപ്ലാമൂട്ടിലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി കരോള്‍ സര്‍വ്വീസ് നടത്തിയിരുന്നു. കരോള്‍ സംഘം കുമ്പനാട്ട് ഷിന്റോ എന്നയാളുടെ വീട്ടിലേക്ക് പോകുമ്പോള്‍, ബേക്ക് വേള്‍ഡ് എന്ന പേരിലുള്ള ബേക്കറിയുടെ മുന്‍വശത്തു പതിനഞ്ചോളം വരുന്ന സംഘം ആക്രമിച്ചുവെന്നാണ് പരാതി. കാറിന്റെ ഹെഡ് ലൈറ്റ് ഡിം അടിച്ചില്ല എന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. കാര്യം അന്വേഷിച്ചെത്തിയ സംഘാംഗം മിഥിനെ, ഷെറിന്‍ മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിതടഞ്ഞപ്പോള്‍ വലതു കൈയുടെ വിരലിന് പരിക്കേറ്റു. തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വടിവാള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പാസ്റ്റര്‍ റോണി കൊച്ചുപ്ലാമൂട്ടില്‍ പറഞ്ഞു. മിഥിന്റെ പരാതി പ്രകാരം കേസെടുത്ത കോയിപ്രം പൊലീസ് നാലു പ്രതികളെ വീടുകളുടെ സമീപത്തുനിന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
കോയിപ്പുറം ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാര്‍, എസ്.ഐമാരായ ജി. ഗോപകുമാര്‍, ഷൈജു, സി.പി.ഒമാരായ സുരേഷ്, മനൂപ്, സുജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Attack arrested christmas celebration