മാഹി ബൈപാസില്‍ ടോള്‍ വെട്ടിക്കാന്‍ ശ്രമം; ചോദ്യംചെയ്ത ജീവനക്കാരെ സംഘംചേര്‍ന്ന് മര്‍ദിച്ചു

കാറിലെത്തിയ നാലുപേരടങ്ങിയ സംഘം വലിയ വാഹനം ടോള്‍ഗേറ്റ് കടന്നുപോകുന്നതിനിടെ വേഗത്തില്‍ മറികടന്നു. ആ സംഭവം ജീവനക്കാര്‍ ചോദ്യം ചെയ്തതത് വാക്കേറ്റത്തിന് ഇടയായി.

author-image
Anitha
New Update
ghfghf

തലശ്ശേരി : തലശ്ശേരി-മാഹി ബൈപാസില്‍ കൊളശ്ശേരി ടോള്‍ ബൂത്തില്‍ പണം നല്‍കാത്തത് ചോദ്യം ചെയ്തതിന് ജീവനക്കാരെ സംഘംചേര്‍ന്ന് മര്‍ദിച്ചു. ടോള്‍ ബൂത്ത് ഓപ്പറേറ്റര്‍ കുട്ടിമാക്കൂല്‍ സ്വദേശി പി. ആദര്‍ശ് (27), ലൈന്‍ മാനേജ്‌മെന്റ് സര്‍വീസ് ജീവനക്കാന്‍ കൊളശ്ശേരി കളരിമുക്ക് ദിലീപ് (44), സുരക്ഷാ ജീവനക്കാന്‍ അനില്‍ കുമാര്‍ (27) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

കാറിലെത്തിയ നാലുപേരടങ്ങിയ സംഘം വലിയ വാഹനം ടോള്‍ഗേറ്റ് കടന്നുപോകുന്നതിനിടെ വേഗത്തില്‍ മറികടന്നു. ആ സംഭവം ജീവനക്കാര്‍ ചോദ്യം ചെയ്തതത് വാക്കേറ്റത്തിന് ഇടയായി. തുടര്‍ന്ന് പണം നല്‍കാതെ കാറുമായി നാലംഗസംഘം അവിടെനിന്ന് പോയി.

പിന്നീട് 9.45 ഓടെ 20 ഓളം പേര്‍ സംഘംചേര്‍ന്ന് ടോള്‍ബൂത്തിലേക്ക് എത്തുകയും അനില്‍ കുമാറിനെയും ദിലീപിനെയും മര്‍ദിക്കുകയുമായിരുന്നു. ഓഫീസിലേക്ക് കയറിയ സംഘം ആദര്‍ശിനെയും മര്‍ദിച്ചു.

ആദര്‍ശിന് തലയ്ക്കും കൈക്കും ദിലീപിന് മുഖത്തും അനില്‍കുമാറിന് ഇടുപ്പിനുമാണ് പരിക്കേറ്റത്. ഇവര്‍ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ ഒരു മൊബൈല്‍ ഫോണ്‍, പേടിഎം സ്വയിപ്പിങ് മെഷിന്‍ എന്നിവ തകര്‍ത്തിട്ടുണ്ടെന്നും ജീവനക്കാര്‍ക് ശമ്പളം കൊടുക്കാന്‍ വെച്ചിരുന്ന 1,30,000 രൂപ കാണാതായതായും ടോള്‍ മാനേജര്‍ കെ. അനില്‍ കുമാര്‍ പറഞ്ഞു. കെ. അനില്‍ കുമാറിന്റെ പരാതിയില്‍ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

kerala Attack