അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഷാര്‍ജ പൊലീസ്

മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായില്‍ നിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറുമായ സതീഷിനെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു

author-image
Biju
New Update
athulya

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറി(30)ന്റേത് ആത്മഹത്യയാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഫൊറന്‍സിക് പരിശോധനാ ഫലം അതുല്യയുടെ ഷാര്‍ജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു. അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിരുന്നു. അതേസമയം, ഷാര്‍ജ ഫൊറന്‍സിക് മോര്‍ച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ മാസം 19-ന് പുലര്‍ച്ചെയാണ് അതുല്യയെ ഷാര്‍ജ റോളയിലെ ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായില്‍ നിര്‍മാണ കമ്പനിയില്‍  എന്‍ജിനീയറുമായ സതീഷിനെ ഷാര്‍ജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് താന്‍ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തി.  

മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയില്‍ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തില്‍ പലഭാഗത്തും സതീഷില്‍ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. 

സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

മാസങ്ങളായി തുടരുന്ന ഇത്തരം മാനസികവും ശാരീരികവുമായ പീഡനങ്ങളും സഹിക്കയവയ്യാതെ അതുല്യ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയിന്മേല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നതിന് മുന്‍പേ യുവതി ജീവിതത്തോട് വിടപറഞ്ഞു. 

വര്‍ഷങ്ങളായി യുഎഇയിലുള്ള സതീഷ് ഒന്നര വര്‍ഷം മുന്‍പാണ് അതുല്യയെ ഇങ്ങോട്ടു കൊണ്ടുവന്നത്. നേരത്തെ ദുബായിലായിരുന്നു താമസം. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള,  മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ താമസിച്ച് നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. നേരത്തെ മകളെ ഷാര്‍ജയിലേക്ക് കൊണ്ടുവന്നിരുന്നെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ താമസിച്ച് പഠിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ചതിനാല്‍ തിരിക നാട്ടിലേക്ക് അയക്കുകയായിരുന്നു.

Atulya Sekhar