/kalakaumudi/media/media_files/2025/03/08/pjlmxB2Md1NenyMVDJMp.jpg)
മലപ്പുറം: മര്‍ദനമേറ്റ് ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. മഞ്ചേരിതിരൂര്‍ റൂട്ടിലോടുന്ന പിടിബി ബസിലെ ജീവനക്കാരായ നിഷാദ്, സിജു, സുജീഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വെള്ളി രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരില്‍ വെച്ചാണ് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചുവരുന്നതിനിടെ വഴിയില്‍നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് മൂന്ന് യാത്രക്കാര്‍ കയറി.
പിന്നാലെയെത്തിയ ബസ് ജീവനക്കാര്‍ ഓട്ടോയെ പിന്തുടര്‍ന്ന് തടഞ്ഞ് ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് വാക്കേറ്റവും കൈയേറ്റവുമുണ്ടായി. പരിക്കേറ്റ അബ്ദുള്‍ ലത്തീഫ് ചികിത്സ തേടാനായി ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തി. ഇവിടെവച്ചാണ് കുഴഞ്ഞുവീണത്. പിന്നീട് മരണം സ്ഥിരീകരിച്ചു.
ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. രാത്രി 11ന് ഒതുക്കുങ്ങല്‍ കുഴിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഒതുക്കുങ്ങല്‍ സ്റ്റാന്‍ഡിലിട്ടാണ് അബ്ദുള്‍ ലത്തീഫ് ഓട്ടോ ഓടിച്ചിരുന്നത്.
മരണത്തില്‍ പ്രതിഷേധിച്ച് വെള്ളി പകല്‍ ഒതുക്കുങ്ങലില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. മലപ്പുറത്ത് പ്രതിഷേധ പ്രകടനവും നടത്തി.