/kalakaumudi/media/media_files/2025/03/25/DhX3fmZmd4THVTH6hRvG.jpg)
കൊല്ലം : ചടയമംഗലം ബാറില്‍ ഉണ്ടായ വാക്കു തര്‍ക്കത്തില്‍ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ പൊലീസ് പിടിയില്‍. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുകയും പൊലീസിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തകേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തത്.
ചടയമംഗലം അന്‍സാരി മന്‍സ്സിലില്‍ ബുഹാരി (37), ഇളമ്പഴന്നൂര്‍ ഷെഹിന്‍ മന്‍സില്‍ ഷെഹിന്‍ (29), പരുത്തി പൊയ്ക മുനീര്‍ മനസ്സിലില്‍ മുബീര്‍ (31), കാഞ്ഞാംപുറത്ത് വീട്ടില്‍ ഷമീര്‍ (37), ഇളമ്പഴന്നൂര്‍ നുജാഫ് മന്‍സില്‍ മുഹമ്മദ് ഷാന്‍ (35), കിഴുതോണി റാഷിദ് മന്‍സില്‍ റാഷീദ് (35), എം എസ് മനസിലില്‍ ഷാന്‍ (34) എന്നിവരാണ് പൊലീസ് പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ പ്രതികള്‍.
ശനിയാഴ്ച രാത്രി ബാറില്‍ നടന്ന അക്രമത്തില്‍ ബാര്‍ ജീവനക്കാരന്റെ കുത്തേറ്റ് സി ഐ ടി യു പ്രവര്‍ത്തകന്‍ മരണപ്പെട്ടിരിന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം, സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
എന്നാല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ചില ആട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള വിവിധ കേസുകളില്‍ പെട്ട പത്തംഗ സംഘ ക്രിമിനല്‍ സംഘം പലതവണ ബാറിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് വൈകിട്ട് അഞ്ചുമണിയോടെ പോലീസ് സ്റ്റേഷന് സമീപം ഈ സംഘം എത്തുകയും എംസി റോഡില്‍ നിന്നുകൊണ്ട് പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും, വിവിധ കേസുകളില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു.
എസ് എച്ച് ഒ എന്‍.സുനീഷ്, എസ് ഐ മാരായ മോനിഷ്, അലക്‌സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അക്രമത്തിനുശേഷം ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ചവരെ പിടികൂടുകയായിരുന്നു. ഏഴു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.