15 വര്‍ഷമായി ചുമയ്ക്ക് ഈ സിറപ്പ് എഴുതി കൊടുക്കുന്നു: അറസ്റ്റിലായ ഡോക്ടര്‍

സിറപ്പില്‍ വിഷാംശം ഉണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ 15 വര്‍ഷമായി ഈ സിറപ്പാണ് നിര്‍ദേശിക്കുന്നുതെന്നുമായിരുന്നു അറസ്റ്റിലാകുന്നതിനു മുന്‍പ് ഡോ.പ്രവീണ്‍ പറഞ്ഞത്. വൈറല്‍ അണുബാധകള്‍ മുതല്‍ കടുത്ത പനിവരെ വൃക്ക തകരാറിന് കാരണമായ ഒന്നിലധികം കാരണങ്ങളുണ്ട്

author-image
Biju
New Update
CYRUP

ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പരേഷ്യയില്‍ ചുമയ്ക്കുള്ള സിറപ്പ് കുടിച്ച് 11 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശിശുരോഗ വിദഗ്ദ്ധനും തമിഴ്നാട് ആസ്ഥാനമായുള്ള ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഡയറക്ടറുമായ ഡോ.പ്രവീണ്‍ സോനിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസ് എടുത്തു. 

സിറപ്പില്‍ വിഷാംശം ഉണ്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ 15 വര്‍ഷമായി ഈ സിറപ്പാണ് നിര്‍ദേശിക്കുന്നുതെന്നുമായിരുന്നു അറസ്റ്റിലാകുന്നതിനു മുന്‍പ് ഡോ.പ്രവീണ്‍ പറഞ്ഞത്. വൈറല്‍ അണുബാധകള്‍ മുതല്‍ കടുത്ത പനിവരെ വൃക്ക തകരാറിന് കാരണമായ ഒന്നിലധികം കാരണങ്ങളുണ്ട്. മരുന്നുകളില്‍ വിഷാംശം ഉണ്ടാകുമെന്ന് ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അങ്ങനെയെങ്കില്‍ (അത് വിഷലിപ്തമാണെന്ന് അറിയാമെങ്കില്‍) ആരെങ്കിലും അത് എഴുതി കൊടുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

'എല്ലാ രോഗികള്‍ക്കും ഒരേ മരുന്ന് നിര്‍ദേശിച്ചിട്ടുണ്ടോ? അങ്ങനെ പറയുന്നത് തെറ്റാണ്. സീസണല്‍ ജലദോഷത്തിന് ഒരു ആന്റി-കോള്‍ഡ് സിറപ്പും മറ്റ് മരുന്നുകളും നല്‍കുന്നു. രോഗികള്‍ക്ക് ഞാന്‍ എത്ര സിറപ്പുകള്‍ നിര്‍ദേശിച്ചുവെന്ന് പറയാന്‍ പ്രയാസമാണ്. പക്ഷേ കഴിഞ്ഞ 15 വര്‍ഷമായി ചുമയ്ക്കായി ഈ സിറപ്പ് ഞാന്‍ നിര്‍ദേശിക്കുന്നു,' അദ്ദേഹം പറഞ്ഞു. ചുമയ്ക്കായി ഈ സിറപ്പ് നിര്‍ദേശിച്ച ഒരേയൊരു ഡോക്ടര്‍ താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ.പ്രവീണ്‍ പനിക്കും ചുമയ്ക്കും നിര്‍ദേശിച്ച സിറപ്പ് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള നിരവധി കുട്ടികള്‍ക്ക് പിന്നീട് വൃക്ക തകരാറിന്റെ ലക്ഷണങ്ങള്‍ ഉണ്ടായതായി ആരോപിച്ച് പരേഷ്യ സിഎച്ച്‌സിയിലെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.അങ്കിത് സഹ്ലാമാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍ എഴുതി നല്‍കിയ സിറപ്പില്‍ വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി. ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുന്നതാണ്.

ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ചിന്ദ്വാര ജില്ലയില്‍ 11 കുട്ടികളെങ്കിലും വിഷാംശം കലര്‍ന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചു. സിറപ്പില്‍ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന വിഷ പദാര്‍ത്ഥമായ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.