ധര്‍മസ്ഥല കേസില്‍ നിര്‍ണായക മൊഴി, മൊബൈലും കണ്ടെടുത്തു

തലയോട്ടി പുരുഷന്റേതാണെന്നും 40 വര്‍ഷം പഴക്കമുണ്ടെന്നും ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ തലയോട്ടിയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.

author-image
Biju
New Update
dharmasthala

ബെംഗളൂരു: ധര്‍മസ്ഥലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയതിനു തെളിവെന്നുപറഞ്ഞ് ഹാജരാക്കിയ തലയോട്ടി തനിക്കു കൈമാറിയവരെക്കുറിച്ച് അറസ്റ്റിലായ മുന്‍ ശുചീകരണത്തൊഴിലാളി സി.എന്‍.ചിന്നയ്യ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതായി സൂചന. തലയോട്ടി പുരുഷന്റേതാണെന്നും 40 വര്‍ഷം പഴക്കമുണ്ടെന്നും ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ തലയോട്ടിയാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്.

ഇതിനിടെ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകന്‍ മഹേഷ് ഷെട്ടി തിമ്മരോടിയുടെ ഉജിരെയിലെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) പരിശോധന നടത്തി. ചിന്നയ്യയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഇയാള്‍ കഴിഞ്ഞ രണ്ടുമാസം മഹേഷ് ഷെട്ടിയുടെ വീട്ടില്‍ താമസിച്ചതായാണ് സൂചന. നഷ്ടപ്പെട്ടുവെന്ന് ചിന്നയ്യ പറഞ്ഞ മൊബൈല്‍ ഫോണ്‍ ഇവിടെനിന്ന് കണ്ടെത്തിയതായി വിവരമുണ്ട്. എസ്‌ഐടി ഉദ്യോഗസ്ഥന്‍ ജിതേന്ദ്രകുമാര്‍ ദയാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. യുട്യൂബര്‍ എം.ഡി.സമീറും മഹേഷ് ഷെട്ടിയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മഹേഷ് ഷെട്ടിയുടെ സഹോദരന്‍ മോഹന്‍ ഷെട്ടിയുടെ വീട്ടിലും പരിശോധന നടന്നു. 2003ല്‍ മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്നാരോപിച്ചതു കള്ളമാണെന്നും ചിലരുടെ ഭീഷണിക്കു വഴങ്ങിയാണ് അതു ചെയ്തതെന്നും വെളിപ്പെടുത്തിയ സുജാത ഭട്ട് എസ്‌ഐടി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

ധര്‍മസ്ഥലയില്‍ കൊലപാതക പരമ്പരകള്‍ നടന്നെന്നായിരുന്നു മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. ധര്‍മസ്ഥലയില്‍ മഞ്ജുനാഥ ക്ഷേത്രം അധികാരികളുടെ ഭീഷണിക്കുവഴങ്ങി നൂറിലേറെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തല്‍ രാജ്യത്തെ ഞെട്ടിച്ചു. പിന്നാലേ, സുജാതഭട്ടും മകളെ കാണാനില്ലെന്ന ആരോപണവുമായി എത്തി. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ഇരുവരുടെയും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. 

ചിന്നയ്യയുടെ വാദങ്ങള്‍ പൊളിച്ചത് മൊഴിയിലെ വൈരുധ്യവും ഹാജരാക്കിയ തെളിവുകളുമാണ്. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ ചിന്നയ്യ ഒരു തലയോട്ടി പൊലീസിനു മുന്നില്‍ ഹാജരാക്കിയിരുന്നു. ഇതു പുരുഷന്റെ തലയോട്ടിയാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായത് വഴിത്തിരിവായി. അന്വേഷണ സംഘത്തിന് സംശയംതോന്നി. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ചിന്നയ്യ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ കുഴിച്ചു പരിശോധിക്കുന്നതിനൊപ്പം ഇയാളുടെ താമസ സ്ഥലത്ത് പൊലീസ് അന്വേഷണം നടത്തി. പ്രശസ്തിക്കായാണ് ചിന്നയ്യ ആരോപണം ഉന്നയിച്ചതെന്നാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്. 

ചോദ്യം ചെയ്യലിനിടെ, തലയോട്ടി മറ്റൊരിടത്തുനിന്ന് സംഘടിപ്പിച്ചതാണെന്ന് ഇയാള്‍ തുറന്നു പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലങ്ങളും ചിന്നയ്യയുടെ വാദങ്ങള്‍ക്ക് എതിരായിരുന്നു. ഇതോടെ ഇയാളെ അറസ്റ്റു ചെയ്തു. 1998-2014 ല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലില്‍ ജൂലൈ 3ന് ആണ് കോടതി നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചത്.