/kalakaumudi/media/media_files/2025/09/03/img-20250903-wa0009-2025-09-03-09-47-49.jpg)
കൊല്ലം: ഓണക്കാലത്ത് വിൽക്കാനായി എത്തിച്ച ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി കൊല്ലത്ത് പിടിയിലായി. വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ നിന്നുള്ള പരിതോഷ് നയ്യാ (37) എന്നയാളെയാണ് കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
കൊല്ലം ഈസ്റ്റ് വില്ലേജിലെ ചിന്നക്കടയിൽ നടത്തിയ പരിശോധനയിലാണ് 1.266 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ഇയാളിൽ നിന്ന് 1590 രൂപയും പിടിച്ചെടുത്തു.
വെസ്റ്റ് ബംഗാളിൽ നിന്ന് കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന ആളാണ് പ്രതിയെന്ന് എക്സൈസ് അറിയിച്ചു. തീരദേശ മേഖല കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. എസ് ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ സി. പി ദിലീപ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ അനീഷ് , ബി.എസ്അജിത്ത്, ജൂലിയൻ ക്രൂസ്, ജോജോ, ബാലു എസ്. സുന്ദർ, അഭിറാം എച്ച്., വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, എക്സൈസ് ഡ്രൈവർ സുഭാഷ് എസ്.കെ. എന്നിവർ പാർട്ടിയിൽ പങ്കെടുത്തു