/kalakaumudi/media/media_files/2025/06/15/mIALNa6VwhSRWlMeSfR6.jpg)
ബെംഗളൂരു: ബെംഗളൂരുവില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി. 55-കാരിയായ ഗായത്രിയാണ് കൊല്ലപ്പെട്ടത്. 64 വയസ്സുള്ള ഭര്‍ത്താവ് അനന്തിനെ പോലീസ് അറസ്റ്റുചെയ്ത് നാലുദിവസത്തേക്ക് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് റോഡപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതായി പോലീസ് അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂളില്‍ കായികാധ്യാപികയായിരുന്നു കൊല്ലപ്പെട്ട ഗായത്രി. ഇരുവര്‍ക്കും പ്ലസ്ടുവില്‍ പഠിക്കുന്ന ഒരു മകളുണ്ട്.
ശനിയാഴ്ച വൈകീട്ട് 6.15-നാണ് സംഭവം. മിറ്റിഗനഹള്ളിയില്‍ പുതുതായി സ്വത്ത് വാങ്ങാന്‍ പോവുകയാണെന്നും അതിന്റെ ആവശ്യത്തിനായി ഒപ്പം വരണമെന്നും അനന്ത് ഗായത്രിയോട് പറഞ്ഞു. ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തി, നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഭാര്യയെ കൊണ്ടുപോയ ഇയാള്‍, അവിടെവെച്ച് കല്ലുകൊണ്ട് ആവര്‍ത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍, രാത്രി എട്ടരയോടെ പോലീസ് ഹെല്‍പ്പ്ലൈനില്‍ വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ സ്ത്രീയുടെ മരണം സ്ഥിരീകരിച്ചു.
അജ്ഞാത വാഹനം ഇടിച്ചെന്നാണ് ട്രാഫിക് പോലീസിനോട് പ്രതി പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് മാരകമായ ആഘാതമേറ്റതായി തെളിഞ്ഞു. ഇതോടെ കൊലപാതകമാണെന്നുറപ്പിച്ച ബാഗളൂര്‍ പോലീസ്, അനന്തിനെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. ഭര്‍ത്താവ് പണം ചോദിക്കുമ്പോഴെല്ലാം ഗായത്രി വഴക്കുണ്ടാക്കുമായിരുന്നു. അതോടെ കൊലപ്പെടുത്തി റോഡപകട കഥ മെനയാമെന്ന് അനന്ത് കണക്കുകൂട്ടിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
