കല്‍കെരെ തടാകത്തിന് സമീപം ബംഗ്ലാദേശി യുവതി മരിച്ച നിലയില്‍

മൃതദേഹത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അധികൃതര്‍ അറിയിച്ചു.

author-image
Biju
New Update
jkhjfa

Rep. Img.

ബംഗളൂരു: കിഴക്കന്‍ ബംഗളൂരുവില്‍ ബംഗ്ലാദേശി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. രാമമൂര്‍ത്തി നഗറിലെ കല്‍കെരെ തടാകത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അധികൃതര്‍ അറിയിച്ചു. 

നജ്മയുടെ ഭര്‍ത്താവ് സുമന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നജ്മയുടെ കൈവശം സാധുവായ പാസ്പോര്‍ട്ടോ ഇന്ത്യയില്‍ താമസിക്കാനുള്ള നിയമപരമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം നജ്മയുടെ സഹോദരനും സമ്മതിച്ചിട്ടുണ്ട്. 

നജ്മയുടെ ഭര്‍ത്താവ് ബി.ബി.എം.പിയില്‍ മാലിന്യം വേര്‍തിരിക്കുന്ന ജോലി ചെയ്തുവരികയാണ്. ഇയാള്‍ ആറുവര്‍ഷം മുന്‍പ് നിയമപരമായാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുമന്‍-നജ്മ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഇവര്‍ ബംഗ്ലാദേശില്‍ ബന്ധുക്കളോടൊപ്പം കഴിയുകയാണ്.

വെള്ളിയാഴ്ച രാവിലെയാണ് തടാകത്തിനു സമീപത്തായി ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ രാമമൂര്‍ത്തി നഗര്‍ പൊലിസ് സ്റ്റേഷന്‍ അധികൃതരും ഫോറന്‍സിക് അദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. 

മുഖത്തും കഴുത്തിലും തലയിലും മുറിവുകള്‍ ഉണ്ടായിരുന്നെന്നും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു സംശയിക്കുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വിവരിച്ചു.

Rape Case