ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാല്‍ മരിച്ചതായി പോലീസ് വ്യക്തമാക്കുന്നു. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു വെടിയുണ്ടയും ഷെല്ലും കണ്ടെടുത്തു.

author-image
Jayakrishnan R
New Update
gunshot




പട്ന: ബിഹാറിലെ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാല്‍ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11-ന് പട്നയിലെ വീടിനു പുറത്തുവെച്ച് തലയ്ക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അക്രമി, ഗോപാല്‍ വരുന്നതുവരെ കാത്തിരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. 

സംഭവസ്ഥലത്തുവെച്ചുതന്നെ ഗോപാല്‍ മരിച്ചതായി പോലീസ് വ്യക്തമാക്കുന്നു. സംഭവസ്ഥലത്തുനിന്ന് പോലീസ് ഒരു വെടിയുണ്ടയും ഷെല്ലും കണ്ടെടുത്തു. ഗാന്ധി മൈതാന്‍ പൊലീസ്  സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസന്വേഷണം പുരോഗമിക്കുകയാണ്.


കൊലപാതകം നടത്തിയ ആളെയോ എന്താണ് കാരണമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഗോപാലിന്റെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ചന്‍ ഖേംകയും ഏഴുവര്‍ഷംമുന്‍പ് ഇതേ രീതിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2018 ഡിസംബറിലായിരുന്നു അത്. ഹാജിപുരിലെ അദ്ദേഹത്തിന്റെ കോട്ടണ്‍ ഫാക്ടറിയുടെ ഗേറ്റിന് പുറത്ത് നടന്ന ആക്രമണത്തിലാണ് ഗുഞ്ചന്‍ കൊല്ലപ്പെട്ടത്.

അതിനിടെ ഗോപാല്‍ ഖേംകയുടെ മരണം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചു. പൂര്‍ണിയയില്‍നിന്നുള്ള സ്വതന്ത്ര എം.പി. പപ്പു യാദവ് സംഭവസ്ഥലത്തെത്തി. ബിഹാറില്‍ ആരും സുരക്ഷിതരല്ല എന്ന് ആരോപിച്ച് അദ്ദേഹം നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചു. ബിഹാര്‍ കുറ്റവാളികളുടെ ഒരു സങ്കേതമായി മാറിയിരിക്കുന്നു. ഗോപാലിന്റെ മകന്‍ കൊല്ലപ്പെട്ട സമയത്ത് കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നടപടിയെടുത്തിരുന്നുവെങ്കില്‍ ഈ കൊലപാതകം സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

Crime gunshot