ആലപ്പുഴ : കളഞ്ഞുകിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി നേതാവ് സുജന്യ ഗോപിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂര്‍ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവച്ചു. നേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചത്.
സുജന്യ ഗോപി, ഇവരുടെ സഹായി കല്ലിശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോൻ എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് കേസ്. മാർച്ച് 14ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിന്റെ പഴ്സ് നഷ്ടപ്പെട്ടത്. കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്തു വിട്ടതിനു ശേഷം തിരികെ വരുന്നതിനിടെ വഴിയിൽ വച്ചായിരുന്നു സംഭവം.
ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പഴ്സ് ലഭിച്ചത്. പഴ്സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിക്കുകയായിരുന്നു. എടിഎം കാർഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ തുക പിൻവലിച്ചത്. തുക പിൻവലിച്ചതിന്റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. എടിഎം കാർഡ് പിന്നീട് കല്ലിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള റോഡിൽനിന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സുജന്യയും സലിഷും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ വിവരങ്ങൾ ലഭിച്ചു. എടിഎം കൗണ്ടറുകളുടെയും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഇരുവരും ചേർന്നാണ് എടിഎമ്മിൽനിന്നു പണം പിൻവലിച്ചതെന്നു കണ്ടെത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.