/kalakaumudi/media/media_files/2025/02/21/GsJMSeX6LzoIBWMvgx1X.jpg)
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി. മനീഷ് സിസോദിയ എംഎല്‍എയായിരിക്കെ അനുവദിച്ച സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് മേശകള്‍, കസേരകള്‍, സോഫകള്‍, എസികള്‍ എന്നിവയുള്‍പ്പെടെ മോഷ്ടിച്ചതായി ബിജെപി നേതാവും പുതിയ എംഎല്‍എയുമായ രവീന്ദര്‍ സിംഗ് നേഗി വെളിപ്പെടുത്തി.
പിഡബ്ല്യുഡി നിര്‍മ്മിച്ച ഈ ഓഫീസില്‍ 12 വര്‍ഷക്കാലം മനീഷ് സിസോദിയ പ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകളായി നിരവധി ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍, പിഡബ്ല്യുഡി ഈ ഓഫീസ് തനിക്ക് കൈമാറുമ്പോള്‍, ഏകദേശം 250 കസേരകള്‍, ടിവികള്‍, സൗണ്ട് സിസ്റ്റങ്ങള്‍, സോഫകള്‍, മേശകള്‍, എസികള്‍ എന്നിവ കാണാനില്ലായിരുന്നുവെന്നും രവീന്ദര്‍ സിംഗ് നേഗി വ്യക്തമാക്കി.
'അദ്ദേഹം വാതിലുകളും ഫാനുകളും പോലും അദ്ദേഹത്തോടൊപ്പം കൊണ്ടുപോയി. ഇതെല്ലാം സര്‍ക്കാരിന്റെ സ്വത്തായിരുന്നു. എല്ലാ കാര്യങ്ങളും ഇവിടെ മാത്രം വയ്ക്കേണ്ടത് അദ്ദേഹത്തിന്റെ കടമയായിരുന്നു. ഇതൊരു സര്‍ക്കാര്‍ ഓഫീസായിരുന്നു. എന്നാല്‍, ഇത് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ മീറ്റിംഗുകള്‍ നടന്നിരുന്നു. ഞങ്ങള്‍ ഇതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമുണ്ടായില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്പര്‍ഗഞ്ചില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു നേഗി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഎപിയുടെ അവദ് ഒജ്ജയെ നേഗി പരാജയപ്പെടുത്തിയതോടെ, സിസോദിയയ്ക്ക് അനുവദിച്ച ഓഫീസ് നേഗിയ്ക്ക് കൈമാറുകയായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയുടെ പ്രമുഖ നേതാക്കളുള്‍പ്പെടെ വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ബിജെപിയുടെ തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് മനീഷ് സിസോദിയയെ ദയനീയമായി പരാജയപ്പെടുത്തിയത്.