/kalakaumudi/media/media_files/2025/08/04/seb-case-2025-08-04-17-28-13.jpg)
ആലപ്പുഴ : അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടക്കുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ അന്വേഷണസംഘം കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്.
ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടില്‍ പരിശോധന നടത്തും. ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും, ചത്തുപ്പ് നിലങ്ങളുമുണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്തും. വീടിനുള്ളില്‍ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന കേസില്‍ വളരെയേറെ നിര്‍ണയാകമാണ്.