ഡൽഹി : 400 രൂപ വിലയുള്ള മൂന്ന് കിലോ മാമ്പഴത്തിന്‍റെ പണം നല്‍കാന്‍ തയ്യാറാകാത്ത കാറുടമ, മാമ്പഴക്കച്ചവടക്കാരനെ 200 മീറ്ററോളം ദൂരം കാറില്‍ വലിച്ചിഴച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിലെ സിംഗ് എംപയറിനടുത്തുള്ള അംബാല ചണ്ഡീഗഡ് ഹൈവേയിലാണ് സംഭവം. ഡെറാബസിലെ അമർദീപ് കോളനിയിലെ താമസക്കാരനായ സുഖ്ബീര്‍ സിംഗാണ് പോലീസില്‍ പരാതി നല്‍കിയത്.
താന്‍ ഉന്തുവണ്ടിയില്‍ മാമ്പഴം വില്ക്കവെ ഒരു ബ്രസ്സ കാര്‍ സമീപത്ത് വന്ന് നിന്നു. ഡ്രൈവര്‍ മാമ്പഴത്തിന്‍റെ വില ചോദിച്ചു. 3 കിലോ എടുക്കാന്‍ ആവശ്യപ്പെട്ടു. മാമ്പഴം തൂക്കി വണ്ടിയില്‍ വച്ചപ്പോൾ ഡ്രൈവര്‍ വില പേശാന്‍ തുടങ്ങി. അങ്ങനെ 480 രൂപയുടെ മാമ്പഴം 400 രൂപയ്ക്ക് കൊടുക്കാന്‍ താന്‍ തയ്യാറായെന്നും എന്നാല്‍ ഡ്രൈവര്‍ കാര്‍ പെട്ടെന്ന് മുന്നോട്ട് എടുക്കുകയായിരുന്നെന്നും സുഖ്ബീര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കാര്‍ പെട്ടെന്ന് മുന്നേട്ടെടുത്തപ്പോൾ സുഖ്ബീർ ഡ്രൈവര്‍ സീറ്റിന്‍റെ വിന്‍റോയില്‍ പിടി മുറുക്കി. എന്നാല്‍, കാര്‍ നിര്‍ത്താന്‍ തയ്യാറാകാതെ ഡ്രൈവര്‍ വേഗത കൂട്ടി. ഏതാണ്ട് 200 മീറ്ററോളം ദൂരം കാര്‍ സുഖ്ബീർ സിംഗിനെയും വലിച്ച് ഇഴച്ച് കൊണ്ട് മുന്നോട്ട് പോയി. കാര്‍ അംബാല ഭാഗത്തേക്ക് പെട്ടെന്ന് തിരഞ്ഞപ്പോൾ, സുഖ്ബീര്‍ സിംഗ് കാറില്‍ നിന്നും പിടിവിട്ട് ബസ് സ്റ്റാന്‍റിന് സമീപത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ സുഖ്ബീര്‍ സിംഗിന്‍റെ കാലൊടിഞ്ഞു.
'അയാൾ 10 ലക്ഷം രൂപയുടെ വണ്ടി ഓടിക്കുന്നു. എന്നിട്ട് 400 രൂപയ്ക്ക് വേണ്ടി എന്നെ കൊല്ലാന്‍ ശ്രമിച്ചു' അപകട ശേഷം സുഖ്ബീര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാറിന്‍റെ നമ്പർ അടക്കമാണ് സുഖ്ബീര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവം പ്രദേശികമായി വലിയ സംഘര്‍ഷത്തിന് കാരണമായി. കാറുടമയെ അറസ്റ്റ് ചെയ്യണമെന്ന് പ്രദേശത്തെ കച്ചവടക്കാർ ആവശ്യപ്പെട്ടു. ലഭിച്ച കാര്‍ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.