/kalakaumudi/media/media_files/2025/09/08/us-2025-09-08-14-17-43.jpg)
കലിഫോര്‍ണിയ: ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള 26 വയസ്സുകാരനായ യുവാവ് കലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. ബറഹ് കലാന്‍ ഗ്രാമത്തിലെ ചെറുകിട കര്‍ഷകനായ ഈശ്വര്‍ സിങ്ങിന്റെ ഏക മകനായ കപില്‍ ആണ് കൊല്ലപ്പെട്ടത്.
കപില്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം യുഎസ് പൗരനായ ഒരാള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു. വെടിയേറ്റ കപില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കപിലിന്റെ മരണവാര്‍ത്തയുടെ ദുഃഖത്തിലാണ് കുടുംബം. യുഎസിലെ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകദേശം 15 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അധികൃതര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട ജീവിതം തേടി രണ്ടര വര്‍ഷം മുമ്പാണ് കപില്‍ 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അനധികൃത മാര്‍ഗ്ഗത്തിലൂടെ അമേരിക്കയിലേക്ക് പോയത്. ഇതിനായി കുടുംബം ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നാലെ അറസ്റ്റിലായെങ്കിലും നിയമനടപടികളിലൂടെ മോചിതനായ കപില്‍ പിന്നീട് രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹിതയായ ഒരു സഹോദരിയും പഠിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സഹോദരിയും കപിലിനുണ്ട്.
ഈ വര്‍ഷം ആദ്യം ജോര്‍ജിയയില്‍ ഹരിയാനക്കാരനായ വിവേക് സൈനിയുടെ കൊലപാതകവും, 2022ല്‍ കലിഫോര്‍ണിയയില്‍ ഒരു സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ സംഭവവും ചൂണ്ടിക്കാട്ടി യുഎസിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.