അപകടത്തിൽപ്പെട്ട യുവാവിന്റെ പോക്കറ്റിൽ കഞ്ചാവ്; കേസെടുത്തു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ പോക്കറ്റിൽനിന്ന് കഞ്ചാവ് കണ്ടെത്തി. ഡോക്ടർ പരിശോധിക്കുന്നതിനിടെ കഞ്ചാവടങ്ങിയ സിപ്‌ലോക്ക് കവർ കാഷ്വാലിറ്റിറൂമിൽ തെറിച്ചു വീഴുകയായിരുന്നു.

author-image
Shyam
New Update
crime

കൊച്ചി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവാവിന്റെ പോക്കറ്റിൽനിന്ന് കഞ്ചാവ് കണ്ടെത്തി. ഡോക്ടർ പരിശോധിക്കുന്നതിനിടെ കഞ്ചാവടങ്ങിയ സിപ്‌ലോക്ക് കവർ കാഷ്വാലിറ്റിറൂമിൽ തെറിച്ചു വീഴുകയായിരുന്നു. പൊലീസ് കേസെടുത്തു.

കടവന്ത്രയിലെ ആശുപത്രിയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. കലൂർ സ്വദേശിയായ യുവാവാണ് കതൃക്കടവ് പാലത്തിന് സമീപം അപകടത്തിൽപ്പെട്ട് ചികിത്സതേടിയത്. യുവാവ് ഓടിച്ച ബൈക്ക് പെട്ടെന്ന് യുടേൺ എടുത്തപ്പോൾ തെറിച്ചുവീണായിരുന്നു അപകടം. പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽവച്ച് ഡോക്ടറുടെ സാന്നിദ്ധ്യത്തിൽ യുവാവ് മൊബൈൽഫോൺ എടുക്കുന്നതിനിടെയാണ് കഞ്ചാവ് അടങ്ങിയ കവർ തെറിച്ചു വീണത്. കഞ്ചാവാണെന്ന് മനസിലാക്കിയ ഡോക്ടർ സിപ്പ്‌ലോക്ക് കവർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് കൈമാറിയശേഷം കടവന്ത്ര പൊലീസിൽ അറിയിക്കുകയായിരുന്നു.കവറിൽ 4 ഗ്രാം കഞ്ചാവ് ഉണ്ടായിരുന്നു. യുവാവ് നേരത്തേ കഞ്ചാവ് ഉപയോഗിച്ചതിന് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വിതരണത്തിനായി കഞ്ചാവ് സൂക്ഷിച്ചതിനാണ് കേസെടുത്തത്. ചെറിയ അളവായതിനാൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന കേസാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ താടിക്ക് പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

kochi