/kalakaumudi/media/media_files/2025/11/10/florida-2025-11-10-08-13-15.jpg)
ഫ്‌ളോറിഡ: പൊലീസ് പിടിക്കാതിരിക്കാന്‍ അമിതവേഗതയില്‍ പാഞ്ഞ കാര്‍ ബാറിലേക്ക് ഇടിച്ചുകയറി നാല് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഫ്‌ളോറിഡയിലെ ടാമ്പ നഗരത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രാത്രി ജീവിതത്തിന് പേരുകേട്ട പ്രധാന വിനോദസഞ്ചാര നഗരത്തിലാണ് അപകടം നടന്നത്. നഗരത്തില്‍ മറ്റൊരിടത്ത് മത്സരയോട്ടം നടത്തിയ വാഹനം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ പൊലീസ് വാഹനം പിന്തുടര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
എന്നാല്‍ വാഹനം അമിതവേഗത്തില്‍ പാഞ്ഞ് ഡൗണ്‍ ടൗണിന് അടുത്തുള്ള വൈബോര്‍ സിറ്റിയിലേക്ക് പ്രവേശിച്ചപ്പോള്‍ തങ്ങള്‍ പിന്മാറിയിരുന്നുവെന്നാണ് ഹൈവേ പട്രോളിങ് പൊലീസ് പറയുന്നത്. പിന്നീട് ഹെലികോപ്റ്ററിലായിരുന്നു പിന്തുടര്‍ന്നത്. ഇതിനിടെ ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ബാറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലാമനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് 11 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഏഴ് പേരുടെ നില ഗുരുതരമല്ലെന്നും രണ്ട് പേരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതായും പൊലീസ് പറയുന്നു.
സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന 22 കാരനായ സിലാസ് സാംസണ്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഹില്‍സ്ബറോ കൗണ്ടി ജയിലിലേക്ക് മാറ്റി. പ്രതിക്കെതിരെ നാല് ഫസ്റ്റ് ഡിഗ്രി കുറ്റങ്ങള്‍ ചുമത്തിയെന്ന് പൊലീസ് അറിയിച്ചു.
അമേരിക്കയില്‍ ഇത്തരത്തില്‍ നിയമലംഘകരെ പൊലീസ് പിന്തുടരുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമായിരുന്നു. അതിനാല്‍ തന്നെ യുഎസിലെ ചില സംസ്ഥാനങ്ങളും തദ്ദേശ ഏജന്‍സികളും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അതിവേഗ കാര്‍ ചേസിംഗ് നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത്തരം അപകടങ്ങളിലെ മരണ നിരക്ക് കൂടുതലായതിനാല്‍ അത്യപൂര്‍വമായി മാത്രമേ ചേസിങ് നടത്താവൂ എന്ന് യുഎസ് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
