ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ ഭാഗത്ത് വീട്ടുമുറ്റത്തു കിടന്ന കാര്‍ അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചു. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് തീ വീടിനകത്തേക്കു പടര്‍ന്നു. ഉറക്കത്തിലായിരുന്ന നാലു വയസ്സുള്ള കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്തു കിടന്ന കാറാണ് കത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണു സംഭവം.
കാവിമുണ്ടും ഷര്‍ട്ടും ധരിച്ച് റോഡിലൂടെ വന്ന അജ്ഞാതന്‍ കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടരുന്നതും ഇയാള്‍ ഓടിമറയുന്നതും വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
രാജമ്മയുടെ വിദേശത്തുള്ള മകള്‍ കവിതയുടെ പേരിലുള്ളതാണ് കാര്‍. സംഭവസമയം രാജമ്മ, സഹോദരി ലേഖ, മറ്റൊരു സഹോദരി വത്സലയുടെ മക്കളായ മിഥുന്‍, നിഥിന്‍, രാജമ്മയുടെ ചെറുമകള്‍ നാലുവയസ്സുള്ള അര്‍ഷിത എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
പുറത്ത് വെളിച്ചംകണ്ട് രാജമ്മയാണ് മറ്റുള്ളവരെ വിളിച്ചുണര്‍ത്തിയത്. നിഥിന്‍ മുന്‍വശത്തെ വാതില്‍ തുറന്നപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും സുരക്ഷിതസ്ഥാനത്തേക്കു മാറിയ ശേഷം അയല്‍വാസികളെ അറിയിച്ചു. അവര്‍ അഗ്‌നിരക്ഷാസേനയെ അറിയിച്ചു.
അയല്‍വാസികള്‍ എത്തിയപ്പോഴേക്കും തീ മുറിക്കുള്ളിലേക്കു പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
നാലുവര്‍ഷം പഴക്കമുള്ള കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കട്ടില്‍, മെത്ത, ദിവാന്‍കോട്ട് എന്നിവയും കത്തിനശിച്ചു. തീയിട്ടയാള്‍ സ്ഥലവാസിയല്ലെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടങ്ങി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തീയിട്ടയാളെ പരിചയമില്ലെന്നാണ് പറയുന്നത്. കുടുംബത്തോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടാകേണ്ട കാര്യമില്ലെന്നും അടുപ്പമുള്ളവര്‍ പറഞ്ഞു.