ആറാം ക്ലാസുകാരിയെ 20 ലക്ഷം രൂപയ്ക്ക് വാട്‌സാപ്പില്‍ വില്‍പനയ്ക്ക് വച്ചു

കന്യകയായിട്ടുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാനസികരോഗം അടക്കമുള്ള രോഗം ഭേദമാകുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

author-image
Biju
New Update
WHATS

മൈസൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്കായി വില്‍പനയ്ക്കു വച്ച സെക്‌സ് റാക്കറ്റ് സംഘം പിടിയില്‍. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്‌സാപ്പിലൂടെ വില്‍പനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബെംഗളൂരു സ്വദേശികളായ ശോഭ, തുള്‍സി കുമാര്‍ എന്നിവര്‍ അറസ്റ്റിലായത്. 

കന്യകയായിട്ടുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാനസികരോഗം അടക്കമുള്ള രോഗം ഭേദമാകുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് സെക്‌സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്‌സാപ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു.

ഇതറിഞ്ഞ സന്നദ്ധ സംഘടനയിലെ ഒരംഗം 'ആവശ്യക്കാരന്‍' എന്ന വ്യാജേന ശോഭയുമായി ബന്ധം സ്ഥാപിക്കുകയും കുട്ടിയുടെ ചിത്രം വാട്‌സാപ്പില്‍ അയച്ചു തരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ശനിയാഴ്ച രണ്ടു മണിയോടെ സന്നദ്ധ സംഘടനയിലെ അംഗം പറഞ്ഞ സ്ഥലത്ത് കുട്ടിയെ എത്തിക്കാമെന്നും പറഞ്ഞു. തുടര്‍ന്ന്, സംഘടനാ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു. 

പൊലീസ് പിടികൂടിയപ്പോള്‍ ആദ്യം ആറാം ക്ലാസുകാരി മകളാണെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തുള്‍സി കുമാര്‍ ശോഭയുടെ ഭര്‍ത്താവാണെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ശിശുക്ഷേമ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി.