/kalakaumudi/media/media_files/2026/01/21/vanitha-2026-01-21-08-27-27.jpg)
ചെന്നൈ: മധുര എല്‍ഐസി ഓഫിസില്‍ വനിതാ മാനേജര്‍ കൊല്ലപ്പെടുകയായിരുന്നെന്ന് ഒരു മാസത്തിനു ശേഷം തെളിഞ്ഞു. മാനേജരെ ആസൂത്രിതമായി കൊലപ്പെടുത്തിയതിന് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡി.റാം (46) അറസ്റ്റിലായി. ഡിസംബര്‍ 17നുണ്ടായ തീപിടിത്തത്തില്‍ മാനേജര്‍ എ.കല്യാണി നമ്പി (56) പൊള്ളലേറ്റു മരിച്ച സംഭവത്തിലാണു നാടകീയ വഴിത്തിരിവുണ്ടായത്.
അപേക്ഷകള്‍ തീര്‍പ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് അയയ്ക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇയാള്‍ക്കു ദിവസവും ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവന്നു. ഇതിനു പ്രതികാരമായി മാനേജരുടെ കാബിനില്‍ ഫയലുകള്‍ കൂട്ടിയിട്ടു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടര്‍ന്നു കാബിന്‍ പുറത്തു നിന്നു പൂട്ടി. തീ ആളിപ്പടര്‍ന്നതോടെ ഗുരുതരമായി പൊള്ളലേറ്റ കല്യാണി സംഭവ സ്ഥലത്തു തന്നെ മരിച്ചു.
അപകടത്തില്‍ റാമിനും പൊള്ളലേറ്റിരുന്നു. ഷോര്‍ട്ട് സര്‍ക്കീറ്റ് മൂലം തീ പിടിച്ചെന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും മുഖംമൂടി ധരിച്ച ഒരാള്‍ ഓഫിസിലെത്തി മാനേജരുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു തീ കൊളുത്തിയെന്നു റാം കഥയുണ്ടാക്കിയതാണു പാളിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
