ചെര്‍പ്പുളശ്ശേരി: പൂച്ചയെ കൊന്ന് സാമൂഹികമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടില്‍ ഷജീറിന്റെ (32) പേരില്‍ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തു.
പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്നതും തുടര്‍ന്ന് ഇതിനെ കൊന്ന് തലയും മറ്റ് അവയവങ്ങളും വേര്‍തിരിച്ചു വെച്ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ലോറിയുടെ ക്യാബിനില്‍വെച്ച് ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങള്‍.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു.
അനിമല്‍ റസ്‌ക്യൂ പ്രവര്‍ത്തകന്‍ തിരുവാഴിയോട് സ്വദേശി ജിനേഷ് നല്‍കിയ പരാതിയിലാണ് നടപടി.