കര്‍ക്കിന്റെ കൊലയ്ക്കു കാരണം ആശയപരമായ എതിര്‍പ്പ്; പ്രതിയെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത് പിതാവ്

ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസ്സിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്വേഷണ സംഘത്തിന് വിവരം നല്‍കുകയും ചെയ്തു

author-image
Biju
New Update
krki

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാര്‍ലി കര്‍ക്കിനെ വെടിവച്ചു കൊന്നത് അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നെന്ന് ഗവര്‍ണര്‍ സ്‌പെന്‍സര്‍ കോക്‌സ്. 

കൊലപാതകം നടന്ന യൂട്ടാ സര്‍വകലാശാല ക്യാംപസില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സിയോണ്‍ നാഷനല്‍ പാര്‍ക്കിനു സമീപത്തു നിന്നാണ് റോബിന്‍സനെ അറസ്റ്റ് ചെയ്തതെന്നും സ്‌പെന്‍സര്‍ കോക്‌സ് അറിയിച്ചു. ക്യാംപസില്‍ സംവാദ പരിപാടിക്കിടെയാണ് ചാര്‍ലി കര്‍ക് (31) വെടിയേറ്റു മരിച്ചത്.

അക്രമിക്കു വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത മേല്‍വസ്ത്രവും കറുത്ത ഗ്ലാസും തൊപ്പിയും ധരിച്ചയാള്‍ വെടിവയ്പിനു ശേഷം രണ്ടാം നിലയില്‍ നിന്ന് ചാടി ഓടിമറയുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. 

ദൃശ്യത്തിലുള്ളത് മകനാണെന്ന് മനസ്സിലാക്കി റോബിന്‍സനിന്റെ പിതാവാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്വേഷണ സംഘത്തിന് വിവരം നല്‍കുകയും ചെയ്തു. അക്രമി കസ്റ്റഡിയിലായെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഒരു അഭിമുഖത്തില്‍ സൂചന നല്‍കിയിരുന്നു.

കര്‍ക്കിനു മരണാനന്തര ബഹുമതിയായി 'പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം' പ്രഖ്യാപിച്ച ട്രംപ് സംസ്‌കാര ചടങ്ങിലും പങ്കെടുക്കും. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഭാര്യ ഉഷയും സോള്‍ട്ട് ലേക്ക് സിറ്റിയിലുള്ള കര്‍ക്കിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. 

കര്‍ക്കിന്റെ ഭൗതിക ശരീരം അദ്ദേഹം സ്ഥാപിച്ച 'ടേണിങ് പോയിന്റ്' എന്ന സംഘടനയുടെ ആസ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് യുഎസ് സംസ്ഥാനമായ അരിസോനയിലെ ഫീനിക്‌സ് നഗരത്തിലുള്ള വീട്ടിലേക്ക് എയര്‍ഫോഴ്‌സ് ടു വിമാനത്തില്‍ എത്തിച്ചു. ഉഷയും വാന്‍സും കര്‍ക്കിന്റെ ഭാര്യ എറികയെ അനുഗമിച്ചു.