ഐഎസ് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചു; ഛത്തീസ്ഗഡില്‍ 2 കുട്ടികള്‍ പിടിയില്‍

പാകിസ്താന്‍ ആസ്ഥാനമായുള്ള ഐസിസ് മൊഡ്യൂളുകളുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ പ്രവര്‍ത്തിച്ചത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ രാജ്യ വിരുദ്ധ സന്ദേശങ്ങളും തീവ്ര ഇസ്ലാമിക ആശയങ്ങളും തീവ്രവാദ പ്രചാരണങ്ങളും നടത്തിവന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

author-image
Biju
New Update
is

റായ്പുര്‍ : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരശൃംഖലയുമായി ബന്ധം പുലര്‍ത്തുകയും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് രണ്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐസിസ്) മായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റായ്പൂരില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തതായി ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ അറിയിച്ചു.

സമൂഹമാധ്യമങ്ങള്‍ വഴി തീവ്രവാദ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നു ഇവര്‍ പ്രധാനമായും ചെയ്തിരുന്നത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ഐസിസ് മൊഡ്യൂളുകളുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ പ്രവര്‍ത്തിച്ചത്. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ രാജ്യ വിരുദ്ധ സന്ദേശങ്ങളും തീവ്ര ഇസ്ലാമിക ആശയങ്ങളും തീവ്രവാദ പ്രചാരണങ്ങളും നടത്തിവന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

യുഎപിഎ വകുപ്പ് ചുമത്തിയാണ് ഈ ആണ്‍കുട്ടികള്‍ക്ക് എതിരെ ഛത്തീസ്ഗഡ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇത്തരമൊരു കേസ് ആദ്യമാണെന്നും 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ (യുഎപിഎ) വ്യവസ്ഥകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.