ചെന്നൈയില്‍ സ്‌കൂട്ടറില്‍ കയറിയ നാല് വയസുകാരി അബദ്ധത്തില്‍ ആക്‌സിലറേറ്റര്‍ തിരിച്ചു, ദാരുണാന്ത്യം

തലയ്‌ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണ കാരണമായത്. അമ്പട്ടൂരിലെ ദുരൈസ്വാമി റെഡ്ഡി സ്ട്രീറ്റ് സ്വദേശിയായ നിഹാരിക ദിനേഷ് (4) ആണ് മരിച്ചത്.

author-image
Biju
New Update
fsd

Rep. Img.

ചെന്നൈ: മുത്തച്ഛന്റെ സ്‌കൂട്ടറിന്റെ ആക്‌സിലറേറ്റര്‍ അബദ്ധത്തില്‍ തിരിച്ച  നാല് വയസുകാരി  അപകടത്തില്‍ ഗുരുതര പരിക്കുകളെ തുടര്‍ന്ന് മരിച്ചു. ചെന്നൈയിലെ സെയ്ദാപേട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുട്ടി ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണ കാരണമായത്. അമ്പട്ടൂരിലെ ദുരൈസ്വാമി റെഡ്ഡി സ്ട്രീറ്റ് സ്വദേശിയായ നിഹാരിക ദിനേഷ് (4) ആണ് മരിച്ചത്.

എല്‍കെജി വിദ്യാര്‍ത്ഥിനികളായ നിഹാരികയും ഇരട്ട സഹോദരിയും വാരാന്ത്യ അവധി ദിനത്തില്‍ മുത്തച്ഛന്റെ വീട്ടില്‍ എത്തിയതായിരുന്നു. രാത്രി കുട്ടികള്‍ വീട്ടില്‍ കളിക്കുന്നതിനിടെ മുത്തച്ഛനായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ പത്മനാഭന്‍ (67) ഇവരെ സ്‌കൂട്ടറില്‍ കയറ്റി കുറച്ച് ദൂരം കൊണ്ടുപോകാമെന്ന് സമ്മതിച്ചു. ആദ്യം നിഹാരികയുടെ ഇരട്ട സഹോദരിയെയാണ് കൊണ്ടുപോയത്. പിന്നീട് നിഹാരികയെയും കയറ്റി. യാത്ര കഴിഞ്ഞ് നിഹാരിക സ്‌കൂട്ടറിന്റെ മുന്‍വശത്തെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു.

സഹോദരിയെക്കൂടി സ്‌കൂട്ടറിലേക്ക് കയറാന്‍ പത്മനാഭന്‍ സഹായിക്കുന്നതിനിടെ മുന്നില്‍ നിന്ന നിഹാരിക അബദ്ധത്തില്‍ സ്‌കൂട്ടറിന്റെ ആക്‌സിലറേറ്റര്‍ പിടിച്ച് തിരിച്ചു. മുത്തച്ഛന്‍ വണ്ടി ഓഫ് ചെയ്തിട്ടുണ്ടായിരുന്നില്ല. സ്‌കൂട്ടര്‍ പെട്ടെന്ന് മുന്നോട്ട് നീങ്ങി. തെറിച്ചുവീണ നിഹാരികയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ നെഞ്ചത്ത് തട്ടി ശക്തമായി ആഘാതമേല്‍ക്കുകയും ചെയ്തു. പത്മനാഭന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

അടുത്തുണ്ടായിരുന്നവര്‍ ഓടിയെത്തി നിഹാരികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണത്തിന് കാരണമാവുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഉള്‍പ്പെടെ കുറ്റം ചുമത്തി മുത്തച്ഛനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

CHENNAI scooter accident