/kalakaumudi/media/media_files/2024/11/25/aLZ5gh7wjvW3bvEZW2LM.jpg)
ലഖ്‌നോ: ഫോണ്‍ മോഷ്ടിക്കാനായി 19കാരനെ കൊലപ്പെടുത്തിയ രണ്ട് കുട്ടികള്‍ അറസ്റ്റില്‍. യു.പിയിലെ ബറൈച്ച് ജില്ലയിലാണ് സംഭവം. 14ഉം 16ഉം വയസുള്ള കുട്ടികളാണ് കൊല നടത്തിയത്.
സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇടാന്‍ ക്വാളിറ്റിയുള്ള ക്യാമറ ഫോണ്‍ കൈക്കലാക്കാനായാണ് കുട്ടികള്‍ ആസൂത്രണം ചെയ്ത് കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരില്‍ ജോലിചെയ്യുന്ന ഷദബ് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്വദേശമായ ബറൈചിലെത്തിയതായിരുന്നു ഇയാള്‍.
ഷദബിന്റെ കയ്യില്‍ വിലയേറിയ ഐഫോണ്‍ ഉള്ളത് കുട്ടികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് കൈക്കലാക്കാന്‍ പദ്ധതിയിടുകയും ഷദബിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഫോണില്‍ റീല്‍സ് ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞാണ് കുട്ടികള്‍ ഇയാളെ കൂട്ടിക്കൊണ്ടുപോയത്.
വിജനമായ സ്ഥലത്തെത്തിയതും ഇരുവരും ചേര്‍ന്ന് ഷദബിനെ ആക്രമിച്ചു. ഇഷ്ടിക ഉപയോഗിച്ച് തലക്കടിക്കുകയും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തു. ജൂണ്‍ 21നായിരുന്നു സംഭവം.
ഷദബിനെ കാണാതായതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോണ്‍ നഷ്ടമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികളെ സംശയിച്ചത്. ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടും മറച്ചുവെച്ച കുട്ടികളുടെ രണ്ട് ബന്ധുക്കള്‍ കൂടി പ്രതികളാണ്.