/kalakaumudi/media/media_files/BErdzHkRXvfXSui4rP6V.jpg)
മോസ്‌കോ:വിമാനത്താവളത്തിനുള്ളില്‍ ഗര്‍ഭിണിയായ അമ്മ പുഷ് ചെയര്‍ എടുക്കുന്നതിനിടെ ഒന്നര വയസ് മാത്രമുള്ള കുട്ടിയെ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ച് വിനോദസഞ്ചാരി. മോസ്‌കോയിലെ ഷെറെമെറ്റിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വിമാനത്താവളത്തിനുളളില്‍ സ്യൂട്ട് കേസിന് സമീപത്ത് നില്‍ക്കുകയായിരുന്ന 18 മാസം പ്രായമുള്ള ആണ്‍കുട്ടിക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. യുദ്ധ ഭീഷണിയിലായ ഇറാനില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വഴി റഷ്യയിലെത്തിയതായിരുന്നു കുട്ടിയും ഗര്‍ഭിണിയായ അമ്മയും.
ബെലാറസില്‍ നിന്നുള്ള 31 വയസ്സുള്ള വ്‌ലാദിമിര്‍ വിറ്റ്‌കോവ് എന്ന വിനോദ സഞ്ചാരിയാണ് നിരവധി ആളുകള്‍ നോക്കിനില്‍ക്കെ അതിക്രൂരമായ ആക്രമണം നടത്തിയത്. ഇയാള്‍ ആണവ പ്ലാന്റ് നിര്‍മ്മാണ തൊഴിലാളിയാണെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.കുട്ടിയുടെ സമീപത്തായി വന്ന് നിന്ന യുവാവ് അപ്രതീക്ഷിതമായാണ് കുഞ്ഞിനെ ആക്രമിച്ചത്. കുട്ടിയെ കാലില്‍ പൊക്കിയെടുത്ത് തല വിമാനത്താവളത്തിലെ തറയില്‍ അടിക്കുകയാണ് ഇയാള്‍ ചെയ്തത്. ആക്രമണത്തില്‍ തലയോട്ടിക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഒന്നര വയസുകാരന്‍ കോമയില്‍ തുടരുകയാണ്.
സംഭവത്തില്‍ കൊലപാതക ശ്രമത്തിനാണ് 31കാരനെതിരെ കേസ് എടുത്തിട്ടുള്ളത്. വര്‍ഗീയ വിദ്വേഷവും ലഹരി ഉപയോഗവുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമായതെന്ന് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നു . അറസ്റ്റിലായ 31കാരന്റെ ശരീരത്തില്‍ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പല രീതിയിലുള്ള മയക്കുമരുന്ന് ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. 31കാരന് ഇതേ പ്രായത്തിലുള്ള മകളുണ്ടെന്നാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പങ്കാളി പ്രതികരിക്കുന്നത്.
എയര്‍പോര്‍ട്ടിലെത്തുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തെ അപലപിക്കുന്നവരില്‍ ഏറിയ പങ്കും വിശദമാക്കുന്നത്. അഭയം തേടിയെത്തുന്നവര്‍ കടന്നു പോവേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ സൂചനയും സംഭവം പുറത്ത് കൊണ്ടുവരുന്നുണ്ട്. റഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലാണ് സംഭവം നടന്നിട്ടുള്ളത്. മയക്കുമരുന്ന് ഉപയോഗിച്ച് രാക്ഷസന്റേതിന് സമാനമായ പ്രവര്‍ത്തിയാണ് യുവാവ് ചെയ്‌തെന്നാണ് മോസ്‌കോ റീജിയന്‍ ചില്‍ഡ്രന്‍ ഓംബുഡ്‌സ്മാന്‍ വിശദമാക്കുന്നത്. കുഞ്ഞ് വേഗത്തില്‍ സുഖമാകട്ടേയെന്ന് ആശംസിച്ച ഓംബുഡ്‌സ്മാന്‍ അക്രമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
