/kalakaumudi/media/media_files/2025/08/29/kannada-2025-08-29-12-44-24.jpeg)
ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത ഭട്ടിനെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും സുജാത ഭട്ടിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ സുജാത ഭട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തും.
കേസുമായി ബന്ധപ്പെട്ട് ചിന്നയ്യ ഉപയോഗിച്ചത് ഉൾപ്പെടെ ആറ് ഫോണുകൾ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ നിന്നാണ് ഈ ഫോണുകൾ കണ്ടെടുത്തത്. ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകൾ ഫോണിൽ ഉണ്ടെന്നാണ് എസ്.ഐ.ടി.യുടെ വാദം. ചിന്നയ്യയെ തിമരോടിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.ചിന്നയ്യയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ധർമസ്ഥല കേസിൽ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയിൽ താൻ മറവു ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ ആദ്യ വെളിപ്പെടുത്തൽ. എന്നാൽ, ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടെതല്ല, പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. അതേസമയം, ചിന്നയ്യക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക പ്രശ്നമുണ്ടെന്നും ഭാര്യ പറയുന്നു.
മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയിരുന്ന സുജാത ഭട്ടും പിന്നീട് മൊഴി മാറ്റിയിരുന്നു. 2003ൽ മകൾ അനന്യ ഭട്ടിനെ ധർമസ്ഥലയിൽ വെച്ച് കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ട് ഇപ്പോൾ തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നാണ് പറയുന്നത്. ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും സുജാത ഭട്ട് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.