/kalakaumudi/media/media_files/2025/02/05/98i0WpSw32faNX4P6dL9.jpg)
Lali Vincent
തിരുവനന്തപുരം: പകുതി വിലയ്ക്ക് വാഹനം വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെയും പ്രതി ചേര്‍ത്ത് പൊലീസ്. അഭിഭാഷക എന്ന നിലയില്‍ കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന് നിയമോപദേശം നല്‍കിയിട്ടുണ്ടെന്നും തട്ടിപ്പില്‍ പങ്കില്ലെന്നുമാണ് ലാലി വിന്‍സെന്റിന്റെ വിശദീകരണം.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി തട്ടിപ്പിന് ഇരയായവര്‍ നൂറു കണക്കിന് പരാതികളുമായി രംഗത്തെത്തിയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനുളള ആലോചനയിലാണ് പൊലീസ്. ഇതിനിടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുളള അനന്തുകൃഷ്ണന്റെ ഫോട്ടോകളും പുറത്തുവന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി നൂറുകണക്കിന് പരാതികളാണ് പൊലീസിന് ഇതിനോടകം ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 2000ത്തോളം പരാതികളാണ് ഇതിനോടകം വന്നിട്ടുള്ളത്.ഇടുക്കിയില്‍ 342 പരാതികളും ഇതുവരെ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും സമാനമായ പരാതിയുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ ജില്ലകളിലുള്ളവര്‍ തട്ടിപ്പിന് ഇരയായതായുള്ള വെളിപ്പെടുത്തലുകളും ഇതിനോടകം പുറത്തുവന്നു.
മൂവാറ്റുപുഴ പൊലീസ് എടുത്ത തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസിലാണ് അനന്തുവിന്റെ നിയമോപദേഷ്ടാവും കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സന്റിനെ ഏഴാം പ്രതിയാക്കിയത്.
സംസ്ഥാനത്തെ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമടക്കം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുളള അനന്തുവിന്റെ ചിത്രങ്ങളും പുറത്തു വന്നു. തെറ്റിദ്ധരിപ്പിച്ച് പരിപാടികള്‍ക്ക് അനന്തു കൊണ്ടു പോവുകയായിരുന്നെന്നാണ് മിക്കവരുടെയും മറുപടി. ഏതൊക്കെ രാഷ്ട്രീയ നേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
അനന്തു കേസില്‍ ബലിയാടായതാണെന്നും നിയമോപദേശം താന്‍ നല്‍കിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളില്‍ ബന്ധമില്ലെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അതേസമയം, സിഎസ്ആര്‍ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പില്‍ പ്രതി അനന്തുകൃഷ്ണനെതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നു.
25 ലക്ഷം രൂപ വായ്പ വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി ബിജെപി വനിത നേതാവ് രംഗത്തെത്തി. ഇടുക്കി മുട്ടത്തെ ഗീതാകുമാരിയാണ് വഞ്ചിക്കപ്പെട്ടത്. അനന്തു നല്‍കിയ ചെക്കുകളെല്ലാം മടങ്ങിയെന്നും 2019ലാണ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അനന്തു കടം വാങ്ങിയതെന്നും ഗീതാകുമാരി പറഞ്ഞു.
തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും സാധാരണക്കാരായ സ്ത്രീകളാണ്. ജൈവഗ്രാമം എന്ന പേരില്‍ കുറഞ്ഞ വിലയ്ക്ക് കൃഷി ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് കര്‍ഷകരെയും അനന്തു കബളിപ്പിച്ചെന്ന സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. കേസുകളുടെ എണ്ണം കൂടുന്ന നിലയില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് അന്വേഷണം ഏറ്റെടുത്തേക്കും.